കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് സംവിധായിക അഞ്ജലി മേനോന്. ശക്തരായ നടന്മാരും എഴുത്തുകാരും ചലച്ചിത്രകാരന്മാരും ഉണ്ടായിട്ടും ആക്രമണത്തിനിരയായ നടിക്ക് പിന്തുണ നല്കി ഒപ്പം നില്ക്കാന് ആരും തയ്യാറായില്ല.
കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നുണ്ടെങ്കിലും ഇതാണ് സ്ഥിതി. അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണിത്. അഞ്ജലി ട്വിറ്ററില്‍ കുറിച്ചു. മീ ടു ക്യാംപെയിനിന് ബോളിവുഡ് നല്കുന്ന പിന്തുണ വലുതാണ്.
ആരോപണവിധേയര്‍ ഉള്‍പ്പെട്ട പരിപാടികള്‍ ഒഴുവാക്കിയും സിനിമകള്‍ വേണ്ടെന്നുവെച്ചും സംഘടനകളിലെ അംഗത്വം റദ്ദാക്കിയുമെല്ലാം ഇത്തരം അതിക്രമങ്ങള്‍ ഒരുവിധത്തിലും അനുവദിച്ചുകൊടുക്കില്ലെന്ന ശക്തമായ നിലപാടെടുത്തിരിക്കുകയാണ് മുംബൈ സിനിമാമേഖലയെന്നും കേരളത്തില്‍ സ്ഥിതി വളരെയധികം വ്യത്യസ്തമാണെന്നും അഞ്ജലി മേനോന് ട്വിറ്ററിലൂടെ പ്രതികരിച്ചു.
മലയാള ചലച്ചിത്ര രംഗത്ത് പതിനഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു വന്ന ഒരു നടിയെ 2017 ല്‍ ലൈംഗികമായി അപമാനിച്ചു. ഇത് തുറന്നു പറഞ്ഞ അവര്‍(സംഭവത്തിനു തൊട്ടുപിന്നാലെ) പോലീസില്‍ പരാതിയും നല്കി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കാനുളള തീരുമാനവുമായി ഇവര്‍ മുന്നോട്ടു പോകുകയും ചെയ്യുന്നു. കേരളം ശക്തമായ സിനിമാ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നയിടമാണ്.
രാജ്യാന്തര തലത്തില്‍ പോലും അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും ഇവിടെയുണ്ടെന്നതു മറക്കുന്നില്ല. എന്നിട്ടും ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികള്‍ എവിടെ. ഇതും ഒരു നിലപാടാണ്. തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത്. ‘ടേക്കിങ് എ സ്റ്റാന്‍ഡ്’ എന്ന തലക്കെട്ടോടെ ബ്ലോഗില്‍ അഞ്ജലി മേനോന് കുറിച്ചു.