തൃശൂർ: പ്രമുഖ സംവിധായിക അഞ്ജലി മേനോൻ ഉൾപ്പെടെ സിനിമാമേഖലയിലുള്ളവരുടെ വ്യാജ ഫേസ്ബുക് പ്രൊഫൈൽ നിർമിച്ചു സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം നൽകിയയാളെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടിൽ വീട്ടിൽ ജെ. ദിവിൻ (32) ആണ് പ്രതി. ഇയാൾക്കെതിരേ തൃശൂരിലും പരാതികളുണ്ട്.
ആൾമാറാട്ടം നടത്തി നിരവധിപേരെ തട്ടിപ്പിനിരയാക്കിയ വിവരം അറിഞ്ഞ സംവിധായിക അഞ്ജലി മേനോൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി.
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈൽ വിവരങ്ങൾ പരിശോധിച്ചു പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാൾ മൊബൈൽ ആപ്പിന്റെ സഹായത്തോടെ മൊബൈൽ ഫോണ്‍കോളുകൾ ഇന്റർനെറ്റ് കോളുകളാക്കി മാറ്റിയാണ് ആളുകളെ കബളിപ്പിച്ചത്.
തൃശൂരിലെ ഡോക്ടറും മോഡലും ആക്ടിവിസ്റ്റുമായ ഷിനു ശ്യാമളനെയും ഇയാൾ കബളിപ്പിക്കാൻ ശ്രമിച്ചിരുന്നു.
ഡോ. ഷിനുവാണ് സംവിധായിക അഞ്ജലി മേനോനെ വിവരം അറിയിച്ചത്. അവർ ഉടനേ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് കേസ് എടുത്തതിനെത്തുടർന്ന് പ്രതി തമിഴ്നാട്ടിലേക്കു കടന്നുകളഞ്ഞു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്.