ചാരുംമൂട്: നവജാതശിശുവിനെ ജനിച്ചയുടനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അറസ്റ്റു ചെയ്ത അമ്മയെ കോടതി റിമാൻഡ് ചെയ്തു. നൂറനാട് ഇടപ്പോണ്‍ കളരിയ്ക്കൽ വടക്കേതിൽ അഞ്ജന(36)യെയാണ് കോടതി റിമാൻഡ് ചെയ്തത്. അമിത രക്തസ്രാവവുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ബാഗിൽനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയത്. ആശുപത്രിയിൽ പോകാതെ വീട്ടിൽവച്ചായിരുന്നു അഞ്ജനയുടെ പ്രസവം.
രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശാ വർക്കറെ വിവരമറിയിച്ച് ഇവർ യുവതിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനയിൽ ഇവർ പ്രസവിച്ചതായി കണ്ടെത്തി. തുടർന്ന് ഇവരുടെ പക്കലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ തലയുടെ പിൻഭാഗത്തും കഴുത്തിലും മൂക്കിലും പരിക്കേറ്റതായി കണ്ടെത്തി. കരൾ തകർന്ന നിലയിലായിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്തലിൽ അഞ്ജന കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ജനിച്ചുവീണ കുഞ്ഞ് ആദ്യമായി കരഞ്ഞപ്പോഴായിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയത്. രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത ഇവരെ നൂറനാട് പോലീസ് സ്റ്റേഷനിലെത്തിച്ചു മൊഴിയെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും മാവേലിക്കര കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. വിവാഹമോചനം നേടിയ ഇവർ പന്തളം കുരന്പാല സ്വദേശിയുമായി അടുപ്പത്തിലായിരുന്നെന്നും പോലീസ് പറഞ്ഞു.