കാഞ്ഞങ്ങാട്: തലശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജന ഹരീഷിന്റെ മരണവുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹത. മരണം ആത്മഹത്യയാകാനാണ് കൂടുതല്‍ സാധ്യതയെന്ന് പോലീസ് വിലയിരുത്തുമ്പോഴും അതിലേക്ക് നയിച്ചിരിക്കാനിടയുള്ള സാഹചര്യങ്ങള്‍ തീര്‍ത്തും നിഗൂഢമാണ്.
സംഭവത്തിൽ മാവോയിസ്റ്റ് ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ടു കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ചില സംഘടനകളുമായി അഞ്ജനയ്ക്ക് ബന്ധമുണ്ടായിരുന്നോ എന്നാണ് അന്വേഷണം. ഈയൊരു പശ്ചാത്തലത്തിൽ കേസന്വേഷണം എന്‍ഐഎയ്ക്ക് വിടണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.
നഗര മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട ഒരു സംഘമാണ് വിദ്യാര്‍ഥിനിയെ വഴിതെറ്റിച്ചതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. പെണ്‍കുട്ടിയുടെ പിതാവ് ഹരീഷ് നീലേശ്വരം സ്വദേശിയും അമ്മ മിനി തളിപ്പറമ്പുകാരിയുമാണ്. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്.
മൂത്ത മകളായ അഞ്ജന ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അച്ഛന് മരിച്ചതാണ്. വാടകവീടുകളില്‍ താമസിച്ച് വളരെ കഷ്ടപ്പെട്ടാണ് അമ്മ മക്കളെ വളര്‍ത്തിയത്. പഠിക്കാന്‍ മിടുക്കിയായിരുന്ന അഞ്ജന നല്ല മാര്‍ക്കോടെയാണ് പത്താംക്ലാസും പ്ലസ്ടുവും പാസായത്.
നല്ല രാഷ് ട്രീയബോധവും സാമൂഹിക പ്രവര്‍ത്തനങ്ങളോടുള്ള താല്പര്യവും ഉണ്ടായിരുന്നതിനാല്‍ സിവില്‍ സര്‍വീസിന് പോകുകയാണ് ലക്ഷ്യമെന്ന് പലരോടും പറഞ്ഞിരുന്നു.
പഠനകാലം മുതലേ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. ബ്രണ്ണന്‍ കോളജില്‍ ബിരുദത്തിനു ചേര്‍ന്ന് അല്പകാലത്തിനു ശേഷമാണ് അഞ്ജനയ്ക്ക് അടിമുടി മാറ്റം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘടനകളുമായി അടുപ്പമുണ്ടാകുന്നത് ഇക്കാലത്താണ്. ഇതിനുശേഷം മുട്ടറ്റം വരെ നീട്ടിവളര്‍ത്തിയ മുടി പാടേ വെട്ടിക്കളഞ്ഞും പരുക്കന്‍ വേഷവിധാനങ്ങളും മൂക്കുത്തിയും ധരിച്ചും പെണ്‍കുട്ടി സ്വയം രൂപമാറ്റം വരുത്തിയിരുന്നു.
ഇതിനിടയില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായും മിക്ക സമയത്തും ക്ലാസില്‍ പോകാതായതായും ശ്രദ്ധയില്‍ പെട്ടതോടെ കുടുംബാംഗങ്ങള്‍ ഇടപെട്ട് പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
ലഹരി ഉപയോഗത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കോയമ്പത്തൂരിലുള്ള ഡീ അഡിക്ഷന് കേന്ദ്രത്തില്‍ ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അല്പനാള് വീട്ടില്‍ തന്നെ കഴിഞ്ഞിരുന്നു.
ഈ സമയത്ത് അഞ്ജനയെ വീട്ടുകാര്‍ തടവിലിട്ട് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ഒരു സംഘം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചിരുന്നു.
ചില സാമൂഹ്യസംഘടനകളുടെ പ്രവര്‍ത്തകരാണെന്നാണ് അവര്‍ പറഞ്ഞിരുന്നത്. പിന്നീട് കോളജിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി വീട്ടുകാരുടെ അനുമതിയോടെ പോയ അഞ്ജനയെ കാണാതാകുകയായിരുന്നു.
അമ്മ മിനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അഞ്ജന മറ്റൊരു പെണ്‍കുട്ടിക്കൊപ്പം കോടതിയില്‍ ഹാജരാകുകയും വീട്ടുകാര്‍ തന്നെ പീഡിപ്പിക്കുന്നതായും സുഹൃത്തുക്കള്‍ക്കൊപ്പം ജീവിക്കാനായി വീടുവിട്ടതാണെന്നും ബോധിപ്പിക്കുകയും ചെയ്തു.
ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. കോഴിക്കോട്ടെ സാമൂഹ്യപ്രവര്‍ത്തകയുടെ മകളാണ് അന്ന് അഞ്ജനയ്ക്കൊപ്പം കോടതിയില്‍ ഹാജരായത്.
ഇതിനുശേഷം ഈ യുവതിക്കൊപ്പം കോഴിക്കോട്ടാണ് അഞ്ജന താമസിച്ചിരുന്നത്. ഭിന്നലൈംഗികതയുള്ളവര്ക്കിടയിലും മറ്റും പ്രവര്‍ത്തിക്കുന്ന ചില സാമൂഹ്യസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായി പറയുന്നു.
ഇതിനിടയില്‍ അഞ്ജന തന്റെ ഫേസ്ബുക്കിലെ പേര് ചിന്നു സുല്‍ഫിക്കര്‍ എന്നു മാറ്റുകയും വീട്ടുകാര്‍ തന്നെ നിരന്തരം പീഡിപ്പിച്ചതായി പറയുന്ന വീഡിയോകളും മറ്റും അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. അഞ്ജനയുടെ മരണത്തിനുശേഷം ഈ വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.
ഈ സംഘത്തിലെ മൂന്നു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് മാര്‍ച്ച് 17 ന് അഞ്ജന ഗോവയിലേക്ക് പോയതെന്ന് പറയപ്പെടുന്നു. സാമൂഹ്യപ്രവര്‍ത്തകയുടെ മകള്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല.
അഞ്ജനയ്ക്ക് ഒരു പുരുഷസുഹൃത്ത് ഉണ്ടായിരുന്നതായി കൂട്ടുകാരുടെ സാമൂഹ്യമാധ്യമ പോസ്റ്റുകളില്‍ സൂചനയുണ്ട്. വഴിയിലെവിടെയോ വച്ച് ഇയാളും മറ്റു ചില ആണ്‍സുഹൃത്തുക്കളും സംഘത്തിനൊപ്പം ചേര്‍ന്നിരുന്നതായി സംശയിക്കുന്നു.
ഗോവയിലെത്തി ദിവസങ്ങള്‍ക്കു ശേഷം അഞ്ജന വീട്ടിലേക്കു വിളിച്ച് കൂട്ടുകാര്‍ തന്നെ ചതിച്ചതായും തനിക്ക് എത്രയും പെട്ടെന്ന് വീട്ടിലേക്കു വരണമെന്നും പറഞ്ഞതായാണ് അമ്മ മിനി പോലീസിനു നല്കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ ആയതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
ഇതിന് ദിവസങ്ങള്‍ക്കുശേഷമാണ് താമസിച്ചിരുന്ന റിസോര്‍ട്ടിന് പത്തുമീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്ത് കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ അഞ്ജനയെ കണ്ടെത്തുന്നത്.
ഇതിനു തൊട്ടുമുമ്പ് ലഭിച്ച ചില ഫോണ്‍കോളുകളില്‍ നിന്ന് പെണ്‍കുട്ടി കടുത്ത സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും അഞ്ജന നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി വ്യക്തമായിട്ടുണ്ട്.