കാഞ്ഞങ്ങാട്: ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തലശേരി ഗവ. ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജന ഹരീഷിനെ സ്വവര്‍ഗപ്രേമിയാക്കാന്‍ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘം ശ്രമിച്ചിരുന്നതായി ബന്ധുക്കളുടെ ആരോപണം.
പ്ലസ്ടു വരെ പഠിക്കുമ്പോഴും ബിരുദപഠനത്തിന്റെ ആദ്യവര്‍ഷവും യാതൊരുവിധ ശാരീരിക മാനസിക പ്രശ്നങ്ങളുമില്ലാതിരുന്ന പെണ്‍കുട്ടി ഈ സംഘവുമായി ബന്ധപ്പെടാന്‍ തുടങ്ങിയതിനുശേഷമാണ് അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങിയതെന്ന് അമ്മ മിനിയും മറ്റു ബന്ധുക്കളും ആരോപിക്കുന്നു.
നീലേശ്വരത്തെ താമസസ്ഥലത്തും തളിപ്പറമ്പിലെ അമ്മവീട്ടിലുമുള്ള ബന്ധുക്കള്‍ക്കു മുന്നില്‍ മികച്ച പഠനനിലവാരം പുലര്‍ത്തിയിരുന്ന സാധാരണ പെണ്‍കുട്ടിയായിരുന്നു അഞ്ജന. ഇടതുപക്ഷ രാഷ്ട്രീയ സംഘടനകളില്‍ നേരത്തേ സജീവമായിരുന്നു.
ബിരുദപഠനത്തിനു ചേര്‍ന്ന് ഹോസ്റ്റലില്‍ താമസം തുടങ്ങിയതിനുശേഷമാണ് തീവ്ര ഇടതുപക്ഷ ആശയങ്ങളും ഭിന്നലൈംഗികരുടെ ക്ഷേമവും മറ്റും ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ടു തുടങ്ങിയത്.
സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനുള്ള താല്പര്യമാണ് പെണ്‍കുട്ടിയെ ഈ സംഘടനകളുമായി അടുപ്പിച്ചതെങ്കിലും ക്രമേണ അതൊരു അഡിക്ഷനിലേക്ക് വഴിമാറുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
മുന്‍ നക്സല്‍ നേതാവായ സാമൂഹ്യപ്രവര്‍ത്തകയുടെ മകളുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയുമായാണ് അഞ്ജന ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചത്.
സ്വവര്‍ഗപ്രണയികളും ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ അംഗങ്ങളുമായി ഉറച്ച സൗഹൃദം ഉണ്ടായതോടെ അഞ്ജനയേയും ഇത്തരം താല്പര്യങ്ങളിലേക്ക് വലിച്ചിഴക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിക്കുകയായിരുന്നത്രെ.
അപകടം മനസിലാക്കി കുടുംബാംഗങ്ങള്‍ ഇടപെട്ട് അഞ്ജനയെ ഡീ അഡിക്ഷന് കേന്ദ്രത്തിലാക്കിയപ്പോള് അതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതും തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതും ഈ സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു. ഭിന്നലൈംഗികതയുള്ള പെണ്‍കുട്ടിയെ വീട്ടുകാര്‍ തടവിലിട്ട് പീഡിപ്പിക്കുന്നതായാണ് ഇവര്‍ പ്രചരിപ്പിച്ചത്.
പിന്നീട് കോളജിലെ ഒരു കൂട്ടായ്മയില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്നിറങ്ങിയ അഞ്ജന അവിടെവച്ച് വീണ്ടും സംഘടനയിലെ പ്രവര്‍ത്തകര്‍ക്കൊപ്പം പോകുകയായിരുന്നു. ഇതിനുശേഷം ഈ സംഘടനക്കാര്‍ക്കൊപ്പം തന്നെയാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഗോവയിലേക്ക് പോയതും ഇവര്‍ക്കൊപ്പമായിരുന്നു.
അഞ്ജനയുടെ മരണശേഷം പെണ്‍കുട്ടിക്ക് ഭിന്നലൈംഗിക താല്പര്യങ്ങള് ഉണ്ടായിരുന്നതായും അതിനെ അടിച്ചമര്‍ത്താന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചതുമൂലമുണ്ടായ സമ്മര്‍ദം അവളെ ആത്മഹത്യയിലേക്ക് നയിച്ചു എന്നുമുള്ള പ്രചാരണവുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ കൂട്ടുകാരിൽ ചിലർ രംഗത്തെത്തിയിരുന്നു.
എന്നാല്‍ മുംബൈയിലെയും മറ്റും ട്രാൻസ്ജെൻഡറുകളുടെ സംഘങ്ങളില്‍ നടക്കുന്നതുപോലെ സംഘത്തിലെത്തിപ്പെടുന്ന സാധാരണക്കാരെ അവരിലൊരാളായി മാറ്റിമറിക്കുന്ന ശ്രമമാണ് ഇവിടെയും നടന്നതെന്ന് മിനി ചൂണ്ടിക്കാട്ടുന്നു.
ഇതിന് മഹാരാഷ്ട്രയിലും ഗോവയിലും മറ്റും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിപുലമായ ലഹരിമരുന്ന് ലോബിയുടെയും മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെയും സഹായം ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.