കോഴിക്കോട്: സിനിമാ സ്റ്റൈലില്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്നും അഞ്ച് പവന് ആഭരണവും അറുപതിനായിരം രൂപയും കവര്‍ന്ന കേസിലെ പ്രതിയായ യുവതിയെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിക്കുന്നു. കടലുണ്ടി സ്വദേശിനിയായ അജ്ഞനയെ (23) കുറിച്ചാണ് അന്വേഷിക്കുന്നത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും നഗരത്തിലെ പത്തോളം ബ്യൂട്ടിപാര്‍ലറുകളില്‍ നടന്ന മോഷണങ്ങള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ സമാനമായ മോഷണം നടന്നിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
ഇന്നലെയാണ് മെഡിക്കല്‍ കോളജ് അസി.കമ്മീഷണര്‍ മുരളീധരന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേവായൂര്‍ ഇന്‍സ്പെക്ടര്‍ വിജയകുമാരന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പോലീസും ചേര്‍ന്ന് അജ്ഞനയെ പിടികൂടിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കക്കോടി ബസാറിലെ സഹേലി ബ്യൂട്ടി പാര്‍ലറില്‍ ഹെന്ന ട്രീറ്റ്മെന്റിനായി ഒരു യുവതി എത്തുകയും ട്രിറ്റ്മെന്റിനിടയില് ബ്യൂട്ടീഷ്യന്റെ ശ്രദ്ധ തെറ്റിക്കുന്ന തരത്തില്‍ വയറുവേദന അഭിനയിക്കുകയും കുടിക്കാനായി വെള്ളം വാങ്ങി കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വെള്ളവുമായി ബ്യൂട്ടീഷ്യന് വരുമ്പോഴേക്കും ബാഗില്‍ സൂക്ഷിച്ചു വെച്ചിരുന്ന സ്വര്‍ണവും പണവും യുവതി കൈക്കലാക്കി.
തുടര്‍ന്ന് ഹെന്ന ട്രീറ്റ്മെന്റ് കഴിയും മുമ്പേ ഓരോ കാരണങ്ങള്‍ പറഞ്ഞ് പാര്‍ലറില്‍ നിന്നും യുവതി പോവുകയും ചെയ്തു.
ബാഗ് നിലത്ത് വീണു കിടക്കുന്നത് കണ്ട ബ്യൂട്ടീഷ്യന് അതെടുത്ത് തിരികെ വയ്ക്കാന്‍ നോക്കിയപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്.
പിന്നീട് ബ്യൂട്ടീഷ്യന്റെ പരാതിയില്‍ ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കോഴിക്കോട് സിറ്റി മുന്‍ ഡിസിപി സുജിത്ത് ദാസിന്റെ നിര്‍ദ്ദേശാനുസരണം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ സിറ്റി ക്രൈം സ്ക്വാഡ് അന്വേഷണം ആരംഭിച്ചു.
പരിസര പ്രദേശങ്ങളിലെ സിസിടിവി കാമറകളില്‍ നിന്നും മോഷണം നടത്തിയ യുവതിയുടെ ഏകദേശ രൂപവും യാത്രയ്ക്ക് ഉപയോഗിച്ച വാഹനത്തെ കുറിച്ചും സൂചന ലഭിച്ചു.
വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച രീതിയിലും വരുമ്പോഴും മോഷണം നടത്തി തിരിച്ചു പോകുമ്പോഴും വ്യത്യസ്ത രീതിയിലുള്ള ഹെല്‍മറ്റുമാണ് യുവതി ധരിച്ചിരുന്നതെന്നും പോലീസിന് വ്യക്തമായി.
തുടര്‍ന്ന് നൂറിലധികം കാമറ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കുകയും യുവതി ഉപയോഗിച്ച തരത്തിലുള്ള അഞ്ഞൂറിലധികം വാഹനങ്ങള്‍ പരിശോധിച്ചും പരമാവധി മറ്റു തെളിവുകള്‍ ശേഖരിച്ചു.
വാഹനം ആരുടേതാണെന്ന് മനസിലാക്കുകയും വാഹനം ഉപയോഗിക്കുന്ന ആളെ പോലീസ് രഹസ്യമായി നിരീക്ഷിക്കുകയുമായിരുന്നു. ഇതുവഴി മോഷണം നടത്തിയ യുവതിയെ കൃത്യമായി മനസിലാക്കുകയും ചെയ്തു.
ജില്ലയിലെ മറ്റു ബ്യൂട്ടീ പാര്‍ലറുകളില്‍ നടന്നിട്ടുള്ള മോഷണവിവരങ്ങള്‍ ക്രൈം സ്ക്വാഡ് ശേഖരിക്കുകയും ചെയ്തു.
തുടര്‍ന്ന് കോഴിക്കോട് സിറ്റി ഡിസിപിയായി ചുമതലയേറ്റ ഹേമലത ഈ കേസിന്റെ അന്വേഷണ പുരോഗതി വേഗത്തിലാക്കാന്‍ ക്രൈം സ്ക്വാഡിന് നിര്‍ദേശം നല്‍കിയിരുന്നു.
മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷം നടക്കാവില്‍ നിന്നും വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, എം.ഷാലു, എ.പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, പി.ശ്രീജിത്ത്, പി.ടി.ഷഹീര്‍, എ.വി സുമേഷ് എന്നിവരെ കൂടാതെ ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ അജീഷ് കുമാര്‍, രാജീവ് പാലത്ത്, വി.ജി മഞ്ജു എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.