കോഴിക്കോട്: കക്കോടി ബസാറിലെ സഹേലി ബ്യൂട്ടി പാർലറിൽ നിന്ന് സിനിമാ സ്റ്റൈലിൽ അഞ്ചു പവൻ ആഭരണവും അറുപതിനായിരം രൂപയും കവർന്ന കേസിലെ പ്രതിയായ യുവതി പോലീസ് പിടിയിൽ.
കടലുണ്ടി സ്വദേശിനിയായ അഞ്ജന( 23)യെയാണ് മെഡിക്കൽ കോളജ് എസിപി മുരളീധരന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ ഇന്സ്പെക്ടര് വിജയകുമാരന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.
കക്കോടിയിലുള്ള ബ്യൂട്ടി പാർലറിൽ ഹെന്ന ട്രീറ്റ്മെന്റിനായി യുവതി എത്തുകയും ട്രിറ്റ്മെന്റിനിടയിൽ ബ്യൂട്ടിഷന്റെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിൽ വയറുവേദന അഭിനയിക്കുകയും കുടിക്കാനായി വെള്ളം വാങ്ങി കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
വെള്ളവുമായി ബ്യൂട്ടീഷൻ വരുമ്പോഴേക്കും ബാഗിൽ സൂക്ഷിച്ചു വെച്ചിരുന്ന സ്വർണവും പണവും കൈക്കലാക്കി യുവതി രക്ഷപ്പെട്ടു.
ബാഗ് നിലത്തു വീണു കിടക്കുന്നത് കണ്ട ബ്യൂട്ടീഷൻ അതെടുത്ത് തിരികെ വയ്ക്കാൻ നോക്കിയപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കോഴിക്കോട് സിറ്റി മുൻ ഡിസിപി സുജിത്ത് ദാസിന്റെ നിർദേശാനുസരണം സിറ്റി ക്രൈം സ്ക്വാഡ് അന്വേഷണം ആരംഭിച്ചു.
മോഷണം നടത്തിയ യുവതിയുടെ ഏകദേശരൂപവും യാത്രയ്ക്ക് ഉപയോഗിച്ച വാഹനത്തെക്കുറിച്ചും പരിസര പ്രദേശങ്ങളിലെ സിസിടിവി കാമറകളിൽ നിന്ന് സൂചന ലഭിച്ചു.
വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ചുവച്ച രീതിയിലായിരുന്നു. വരുമ്പോഴും മോഷണം നടത്തി തിരിച്ചു പോകുമ്പോഴും വ്യത്യസ്ത രീതിയിലുള്ള ഹെൽമറ്റാണ് യുവതി ധരിച്ചിരുന്നതെന്ന് മനസിലാക്കിയ പോലീസ് നൂറിലധികം കാമറ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു.
തുടര്ന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി വലയിലായത്.ചോദ്യം ചെയ്തതിൽ നിന്നും നഗരത്തിലെ പത്തോളം ബ്യൂട്ടിപാർലറുകളിൽ നടന്ന മോഷണങ്ങൾക്ക് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,എം.ഷാലു, എ.പ്രശാന്ത് കുമാർ,ഷാഫി പറമ്പത്ത്,പി.ശ്രീജിത്ത്, പി.ടി.ഷഹീർ,എ.വി സുമേഷ് എന്നിവരെ കൂടാതെ ചേവായൂർ സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അജീഷ് കുമാർ,രാജീവ് പാലത്ത്,വി.ജി മഞ്ജ, എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.