തൃപ്പൂണിത്തുറ: തന്നോടൊപ്പം വിനോദയാത്രയ്ക്കുണ്ടായിരുന്ന പൊന്നുമോളെ ഉദയംപേരൂർ വലിയകുളത്തെ അഞ്ജനം വീട്ടിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിലെത്തിച്ചപ്പോൾ അമ്മ ആശ അലമുറയിട്ട് കരയുകയായിരുന്നു.
കണ്ടുനിന്നവർക്കും ദുഃഖം അടക്കിനിർത്താനായില്ല. വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ അധ്യാപികയായ ആശയും സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ മകൾ അഞ്ജനയോടൊപ്പം വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നു.
അപകടം നടക്കുമ്പോൾ അധ്യാപകർ ബസിന്റെ പിൻസീറ്റുകളിലായിരുന്നു. അധികം പേരും ഉറക്കത്തിലുമായിരുന്നു.
വൻ ശബ്ദം കേട്ടുണർന്ന ആശ കണ്ടത് തലകീഴായി മറിഞ്ഞ ബസിന്റെ സീറ്റിനടിയിൽ കുടുങ്ങിക്കിടക്കുന്ന മകളെയാണ്.
പക്ഷേ പരിക്കേറ്റ ആശയ്ക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. പൂജാ അവധിക്ക് നെല്ലിയാമ്പതിയിലേക്ക് സുഹൃത്തിന്റെ കുടുംബത്തോടൊപ്പം നിശ്ചയിച്ചിരുന്ന ടൂർ പ്രോഗ്രാം മകളുടെ വിനോദയാത്ര കാരണം മാറ്റിവയ്ക്കുകയായിരുന്നു. ടീച്ചറായതുകൊണ്ട് ആശയും വിനോദയാത്രാ സംഘത്തിലുൾപ്പെട്ടു.
മീനു എന്ന് വീട്ടുകാർ വിളിക്കുന്ന അഞ്ജന അജിത് പ്രഭാത് പബ്ലിക് സ്കൂളിലാണ് പത്തുവരെ പഠിച്ചത്. അമ്മ ആശ അജിത്ത് കാഞ്ഞിരമറ്റം കെഎംജെ പബ്ലിക് സ്കൂളിൽനിന്നും മാർ ബസേലിയോസ് വിദ്യാനികേതനിലേക്കു മാറിയപ്പോൾ പഠിക്കാൻ മിടുക്കിയായ മകളെയും അവിടേക്കു മാറ്റുകയായിരുന്നു.
ആശ തന്നെയായിരുന്നു അഞ്ജനയുടെ ടീച്ചറും. അച്ഛൻ അജിത് നായർ ട്രാക്കോ കേബിൾ കമ്പനിയിൽ റിക്കാർഡ് കീപ്പർ ആയി ജോലി ചെയ്യുകയാണ്.
തിരുവനന്തപുരം സ്വദേശിയായ അജിത് 15 വർഷം മുന്പാണ് ഉദയംപേരൂർ വലിയകുളത്ത് താമസമാക്കിയത്.
അഞ്ജനയുടെ അനുജത്തി കല്യാണി മാർ ബസേലിയോസ് സ്കൂളിൽ ആറാം ക്ലാസിലാണ്. അഞ്ജനയുടെ സംസ്കാരം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ നടന്നു.