അഞ്ചല്‍ : ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അയല്‍വാസിയെ കുത്തിക്കൊന്നു.
കടയ്ക്കല്‍ കാറ്റാടിമുക്ക് പേരയത്തു കോളനിയിൽ ജോണി എന്ന് വിളിക്കുന്ന ജോണ്സണ് (41) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കൊല്ലപ്പെട്ട ജോണിന്റെ അയല്‍വാസി ചരുവിള വീട്ടില്‍ ബാബു (63) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ജോണിന്റെ ഭാര്യയോട് പ്രതി ബാബു മോശമായി പെരുമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു വനിതാ സെല്ലില്‍ അടക്കം ജോണിയും കുടുംബവും പരാതിയും നല്‍കിയിരുന്നു.
ഇതിന്റെ വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം രാത്രി പത്തോടെ ജോണിയുടെ വീടിന് മുന്നിലെത്തിയ ബാബു ജോണിയുമായി വാക്കേറ്റവും തര്‍ക്കവും ഉണ്ടായി.
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ജോണിനെ ബാബു കുത്തുകയായിരുന്നു. നെഞ്ചില്‍ ഏറ്റ ആഴത്തിലുള്ള മുറിവിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് ജോണ്സണ് മരിക്കുകയായിരുന്നു.
വിവരമറിഞ്ഞു കടയ്ക്കല്‍ പോലീസ് എത്തിയാണ് ജോണിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഒളിവില്‍ പോയ ബാബുവിനെ സമീപത്തെ റബര്‍ പുരയിടത്തില്‍ നിന്നും രാത്രി തന്നെ കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കുത്താന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തര്‍ക്കത്തിനിടെ പരിക്കേറ്റ ബാബുവിനെ എടുത്തുകൊണ്ടാണ് പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
കടയ്ക്കല്‍ എസ്എച്ച്ഒ രാജേഷ്, എസ്ഐ അജുകുമാർ, എഎസ്ഐമാരായ ഉണ്ണികൃഷ്ണന്, ബിനില്‍, ഹരികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.