20 വര്‍ഷത്തിനുശേഷമാണ് നടി അഞ്ജു അരവിന്ദ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. വിവാഹശേഷം ബെംഗളൂരുവിലായിരുന്നു അഞ്ജു. ഒരു മകളുണ്ട് അഞ്ജുവിന്. ഇപ്പോള്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. സീരിയലുകളില്‍ നിന്ന് ആദ്യ കാലത്ത് കുറേയേറെ ദുരനുഭവങ്ങള്‍ ഉണ്ടായെന്ന് അഞ്ജു പറയുന്നു.
സിനിമയിലെ പോലെ തന്നെ സീരിയലുകളിലും തിളങ്ങിയ താരമാണ് അഞ്ജു. നൃത്തമായിരുന്നു അഞ്ജുവിന്റെ ജീവന്. നിരവധി സ്റ്റേജ് ഷോകളില്‍ തിളങ്ങിയിട്ടുണ്ട്. സീരിയലുകളില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളാണ് അഞ്ജു പങ്കുവയ്ക്കുന്നത്. നല്ല വേഷമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ചതിക്കപ്പെട്ട അനുഭവങ്ങളുണ്ട്. മുഴുനീള കഥാപാത്രമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് രംഗങ്ങളെല്ലാം ചിത്രീകരിച്ച് മടക്കിയയച്ചു. നമ്മളോട് പറയാതെ കഥാപാത്രത്തെ അവസാനിപ്പിക്കുക.
അങ്ങനെ കുറേ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അഞ്ജു പറയുന്നു. അതോടെ സീരിയല്‍ നിര്‍ത്തി. ഞാന്‍ ഒരു ഡാന്‍സ് സ്കൂള്‍ തുടങ്ങിയെന്നും അഞ്ജു പറയുന്നു. ഇപ്പോള്‍ നാല് സെന്ററുകളുണ്ട്. ബഡായ് ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തിലാണ് അഞ്ജുവിന് ക്ഷണം ലഭിക്കുന്നത്. പുതിയ വേഷം താന്‍ ആസ്വദിക്കുകയാണെന്നും അഞ്ജു പറയുന്നു.
മണിയുടെ മരണത്തെപ്പറ്റിയും അതിലേക്ക് തന്നെ വലിച്ചിഴച്ചതിനെപ്പറ്റിയും അടുത്തിടെ അവര്‍ മനസുതുറന്നിരുന്നു. കലാഭവന്‍ മണിയെപ്പോലെ ഇത്രയധികം സൗഹൃദങ്ങളുള്ള ഒരാളെ കാണാന്‍ ചിലപ്പോള്‍ അവിടെ ആരെങ്കിലും ചെന്നിരിക്കാം. അത് താനല്ലെന്ന് താരം തുറന്നു പറയുന്നു. മണിയുടെ ആദ്യ സിനിമയായ അക്ഷരത്തിലൂടെയാണ് താനും സിനിമയില്‍ എത്തുന്നത്. വലിയ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. പക്ഷെ മണിയ്ക്കൊപ്പം കുറച്ച് ഷോകളില്‍ പങ്കെടുത്തിരുന്നു. എല്ലാവരെയും സഹായിക്കുന്ന മനസാണ് മണിച്ചേട്ടന്റേത്. അദ്ദേഹം എന്നെയും സഹായിച്ചിട്ടുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ കഴിഞ്ഞിരുന്ന തനിക്ക് ഷോകളില്‍ അവസരം നല്കി അദ്ദേഹം സഹായിച്ചു. മണിച്ചേട്ടന് അവസാനം ചെയ്ത ഷോയിലും ഞാനുണ്ടായിരുന്നു. എനിക്ക് ഇത് സംബന്ധിച്ച് മറയ്ക്കാനൊന്നൂമില്ല. അതുകൊണ്ട് ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ ഒരു മടിയുമില്ല. ഒരുമിച്ച് സ്റ്റേജ് ഷോകള്‍ ചെയ്യുന്ന സമയത്ത് ഞാന്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്മാര് കുടിക്കുന്നത് മക്കള്‍ക്ക് വലിയ വിഷമം ആയിരിക്കുമെന്ന്. പ്രത്യേകിച്ച് പെണ്മക്കള്ക്ക്- അഞ്ജു പറയുന്നു