പ്രദീപ് ഗോപി
കോയമ്പത്തൂരിലെ ആ തിയറ്റര്‍ അങ്കണം ആഘോഷത്തിമിര്‍പ്പിലായിരുന്നു. തമിഴകത്ത് ഇളയ ദളപതി വരവറിയിച്ച പൂവൈ ഉനക്കാകെ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് നായിക എത്തുന്നതും കാത്തിരിക്കുകയായിരുന്നു ജനക്കൂട്ടം. ആരവങ്ങള്‍ക്കിടയിലേക്കു നായികയെത്തി. മലയാളിയായ അഞ്ജു അരവിന്ദ്. നടന്‍ നാഗേഷും സുകുമാരിയും ചേര്‍ന്നു പൊന്നാടയണിയിച്ചു നായികയെ സ്വീകരിച്ചു. അരികില്‍ ചെറുചിരിയോടെ നായകന്‍ വിജയ്. തമിഴ് അറിയാത്തതുകൊണ്ട് ഇംഗ്ലീഷിലായി രുന്നു അന്ന് അഞ്ജുവിന്റെ മറുപടി പ്രസംഗം. സിനിമയിലെ ആനന്ദം…ആനന്ദം… പാടും മാനം… എന്ന പാട്ടു പാടിയപ്പോള്‍ ജനം ഇളകിമറിഞ്ഞു. മലയാളത്തില്‍ ഒരുപിടി സിനിമകളില്‍ അഭിനയിച്ച ശേഷം തമിഴകത്ത് സ്വപ്‌നതുല്യമായ അരങ്ങേറ്റം കുറിച്ച അഞ്ജുവിന്റെ സിനിമയെക്കുറിച്ചുള്ള ഓര്‍മകള്‍ ഇവിടെത്തുടങ്ങുന്നു.
കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത് ഉരുവച്ചാല്‍ അരവിന്ദാക്ഷന്റെയും കാഞ്ചനയുടെയും മകളായിപ്പിറന്ന അഞ്ജു ചെറുപ്പത്തില്‍ തന്നെ കലാരംഗത്തു സജീവമായിരുന്നു. സുധീഷ് നായകനായ ആകാശത്തേക്കൊരു കിളിവാതില്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. എന്നാല്‍ സുരേഷ് ഗോപിയുടെ സഹോദരിയായി അഭിനയിച്ച അക്ഷരമാണ് ആദ്യം പുറത്തുവന്നത്. മലയാളത്തിനും തമിഴിനും പുറമേ തെലുങ്ക് സിനിമയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അഞ്ജു വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തു.
സിനിമയിലും സീരിയലിലും പ്രേക്ഷകരുടെ പ്രിയമുഖമായിരുന്ന അഞ്ജു പെട്ടെന്നാണ് വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തു നിന്ന് അപ്രത്യക്ഷയായത്. നിയമപരമായി ബന്ധം വേര്‍പിരിഞ്ഞില്ലെങ്കിലും ഭര്‍ത്താവുമായി അകന്നു മകള്‍ക്കൊപ്പം ബംഗളൂരുവിലാണ് ഇപ്പോള്‍ താമസം. സിനിമയില്‍ നിന്നു കുറച്ചു കാലമായി വിട്ടുനിന്ന അഞ്ജു ത്രീ കിംഗ്‌സ് എന്ന ചിത്രത്തില്‍ ഡബ്ബ് ചെയ്തുകൊണ്ടു മടങ്ങിയെത്തി. പിന്നീട് സിനിമയിലും സീരിയലിലും നല്ല വേഷങ്ങള്‍ ഈ നടിയെ തേടിയെത്തിക്കൊണ്ടിരിക്കുന്നു. രണ്ടാം വരവില്‍ ആദ്യനായകന്‍ സുധീഷിന്റെ നായികയായി അഭിനയിച്ച അതിജീവനം എന്ന സിനിമയും അടുത്തയിടെ തിയറ്ററുകളിലെത്തി. ഒപ്പം നൃത്തത്തിന്റെ ലോകത്തേക്കും ഈ കലാകാരി സജീവമാവുകയാണ്. അഞ്ജുവിന്റെ വിശേഷങ്ങളിലേക്ക്.
കരിയറില്‍ ബ്രേക്ക്
കല്യാണം… മോളുടെ ജനനം… അതാണ് അഭിനയരംഗത്ത് ഒരു ബ്രേക്കുണ്ടാകാന്‍ കാരണം. പിന്നെ മകള്‍ ഇത്തിരി വലുതായതിനു ശേഷമാണ് വീണ്ടും സിനിമയില്‍ സജീവമാകുന്നത്. എന്റെ മനസിനു തൃപ്തി തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.
നഷ്ടബോധം
കരിയറില്‍ ചെറിയൊരു ബ്രേക്ക് ഉണ്ടായതില്‍ നഷ്ടബോധമൊന്നും തോന്നുന്നില്ല. വിധിയാണ് എല്ലാം എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. തലയിലെഴുത്ത് മാറ്റാന്‍ പറ്റില്ലല്ലോ. വരാനുള്ളതും കിട്ടാനുള്ളതും എന്നാണെങ്കിലും കിട്ടുമെന്നു വിശ്വസിച്ചു മുന്നോട്ടു പോകുന്നു. നഷ്ടബോധം തോന്നിയാല്‍ അതേപ്പറ്റിയോര്‍ത്തു വിഷമിച്ചിരിക്കാനല്ലേ പറ്റൂ.
ആദ്യമായി കാമറയ്ക്കു മുന്നില്‍
ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്ത് ഒരു സിനിമയുടെ 111-ാം ദിനാഘോഷത്തിനു പോയി. അന്നു കൊമ്പയറിംഗ് ഒന്നുമുണ്ടായിരുന്നില്ല. പിജിവി അങ്കിള്‍ സമ്മാനം വിതരണം ചെയ്യാന്‍ ഒന്നു വന്നു നില്‍ക്കാമോ എന്നെന്നോടു ചോദിച്ചു. അവിടെ നിന്നപ്പോള്‍ മധു അങ്കിള്‍ എന്നെപ്പറ്റി വളരെയേറെ പുകഴ്ത്തി. ഈ കുട്ടിക്കു നല്ലൊരു ഭാവിയുണ്ടാകും എന്നൊക്കെ പറഞ്ഞു.
ഇതേപ്പറ്റി ഏതോ ഒരു മാഗസിനിലൊക്കെ വന്നു. പിന്നെ ഒരു വിഷു സ്‌പെഷല്‍ മാസികകയില്‍ എന്റെ ഫോട്ടോ കവര്‍പേജായും വന്നു ഇതു രണ്ടുമാണ് ഈ ഇന്‍ഡസ്ട്രിയിലേക്കു ഞാന്‍ വരാന്‍ നിമിത്തമായത്. അച്ഛന്റെ സുഹൃത്ത് ഒരു സിനിമ നിര്‍മിക്കുകയും അതില്‍ ഒരു കോളജ് വിദ്യാര്‍ഥിനിയെ ആവശ്യമായി വരികയും ചെയ്തപ്പോള്‍ എം.ടി. അജയഘോഷാണ് എന്നെ ശിപാര്‍ശ ചെയ്തത്. അങ്ങനെ സുധീഷിന്റെ നായികയായി ആകാശത്തേക്കൊരു കിളിവാതില്‍ എന്ന സിനിമയിലൂടെ ആദ്യമായി കാമറയ്ക്കു മുന്നിലെത്തി.
മടങ്ങിവരവ്
സിനിമയില്‍ നിന്നു ബ്രേക്കെടുത്ത സമയത്തും ഞാന്‍ വെറുതെയിരിക്കുകയല്ലായിരുന്നു. ആ സമയത്ത് ഭരതനാട്യത്തില്‍ പിജിയെടുത്തു. സിനിമയില്‍ ആരുമായും വലിയ കോണ്‍ടാക്ട് കീപ്പ് ചെയ്യുന്ന ആളായിരുന്നില്ല ഞാന്‍. സഹനിര്‍മാതാവായ അജി മേടയില്‍ ഞങ്ങളുടെ കുടുംബസുഹൃത്താണ്. അദ്ദേഹമാണ് ഒരു സിനിമയില്‍ ഡബ്ബ് ചെയ്യാന്‍ വരുമോ എന്നെന്നോടു ചോദിച്ചത്. അങ്ങനെയാണ് ത്രീ കിംഗ്‌സ് എന്ന സിനിമയിലെ നായിക സന്ധ്യക്കു വേണ്ടി ഡബ്ബ് ചെയ്തത്. പിന്നീട് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന സിനിമയില്‍ ശ്രീനിവാസന്റെ ഭാര്യയായി അഭിനയിച്ചു. പിന്നീട് ശൃംഗാരവേലനില്‍ നായിക വേദികയുടെ അമ്മയായി, നെടുമുടി വേണു അങ്കിളിന്റെ മകളുമായി അഭിനയിച്ചു.
തമിഴില്‍ അരങ്ങേറ്റം
1994ലാണ് സിനിമാരംഗത്തെത്തുന്നത്. മൂന്നുനാലു മലയാളം സിനിമയില്‍ അഭിനയിച്ചുനില്‍ക്കുന്ന സമയത്താണ് വേറൊരു നായികയെ തിരക്കി പൂവൈ ഉനക്കാകെ എന്ന സിനിമയുടെ അണിയറക്കാര്‍ ഗുരുവായൂരു വന്നത്. അവരുടെ കൂടെ എന്നെ കണ്ടപ്പോള്‍ എന്നെയും സ്ക്രീന്‍ ടെസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ താത്പര്യം പ്രകടിപ്പിച്ചു. ഫോട്ടോഷൂട്ട് നടത്തി പോയി. ഇതേസിനിമയുടെ സോംഗ് ഷൂട്ടിനു ചെന്നൈയിലെ സ്റ്റുഡിയോയിലെത്തിയപ്പോള്‍ അവര്‍ എന്നെ കാണുകയും പിന്നീടവര്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്തെത്തി നായികയാകാന്‍ എന്നെ ക്ഷണിക്കുകയുമായിരുന്നു. വിജയ് അന്നു വലിയ നടനൊന്നുമായിട്ടില്ല. ഒടുവില്‍ ഞാന്‍ സമ്മതം മൂളുകയായിരുന്നു. അങ്ങനെ വിജയ്‌യുടെ നായികയായി അരങ്ങേറ്റം കുറിച്ചു. 125 ദിവസം വരെ ഓടി ആ സിനിമ സൂപ്പര്‍ഹിറ്റായി. കോയമ്പത്തൂരിലെ തിയറ്ററില്‍ വലിയ വിജയാഘോഷമൊക്കെ നടത്തി. അതൊരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണ്. പിന്നീട് 12 തമിഴ് ചിത്രങ്ങള്‍ ചെയ്തു. അതില്‍ പത്തും സൂപ്പര്‍ഹിറ്റായി. മലയാളത്തിലേതിനേക്കാള്‍ നല്ല വേഷങ്ങള്‍ തമിഴില്‍ ലഭിച്ചു.
സീരിയലിലും സജീവം
സിനിമയിലും സീരിയലിലും ഒരേസമയം ഞാന്‍ സജീവമായിരുന്നു. ചലര്‍ പറയുമായിരുന്നു സിനിമ ചെയ്യുമ്പോള്‍ സീരിയല്‍ ചെയ്യരുത് എന്നൊക്കെ. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും സിനിമയും സീരിയലുമെല്ലാം ഒരുപോലെയാണ്. കായംകുളം കൊച്ചുണ്ണി സീരിയലിന്റെ രണ്ടാം ഭാഗം ഇപ്പോള്‍ ചെയ്യുന്നുണ്ട്. അതിനൊപ്പമാണ് സ്വര്‍ണക്കടുവ എന്ന സിനിമയും ചെയ്തത്. മുമ്പു നായികാവേഷം ചെയ്തിട്ട് ഇപ്പോള്‍ ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ ഒരു ബുദ്ധിമുട്ടും എനിക്കു തോന്നിയിട്ടില്ല. അഭിനയത്തിനൊപ്പം സ്‌റ്റേജ് പ്രോഗ്രാമുകളും ചെയ്യുന്നു.
വീട്, കുടുംബം
ഇപ്പോള്‍ ഞാന്‍ മകള്‍ക്കൊപ്പം ബംഗളൂരുവിലാണ് താമസം. സിനിമയില്‍ കൂടുതല്‍ സജീവമായതിനാല്‍ തിരുവനന്തപുരത്തേക്കോ എറണാകുളത്തേക്കോ താമസം മാറാനുള്ള തയാറെടുപ്പിലാണ്. എറണാകുളത്ത് എനിക്കു ഫഌറ്റുണ്ട്. എന്നാല്‍ സിനിമ യില്‍ സജീവമാകാന്‍ കൂടുതല്‍ മെച്ചം തിരുവനന്തപുരം തന്നെയാണെന്നു തോന്നുന്നു. മകള്‍ അന്‍വി ബംഗളൂരുവില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു.
വിവാദങ്ങളില്‍
മണിച്ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് എങ്ങനെയാണ് എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടത് എന്നെനിക്ക് ഇപ്പോഴുമറിയില്ല. അതേക്കുറിച്ചു കൂടുതല്‍ സംസാരിക്കാന്‍ പോലും എനിക്കു താത്പര്യമില്ല. ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് അച്ചടിച്ചു വന്നത്. മണിച്ചേട്ടന്‍ എനിക്കു ഫഌറ്റ് വാങ്ങിത്തന്നു എന്നു വരെ വാര്‍ത്തകള്‍ വന്നു. രണ്ടേകാല്‍ വര്‍ഷം മുമ്പാണ് ഞാന്‍ ഫഌറ്റ് വാങ്ങിയത്.
അതു രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും. അതുകഴിഞ്ഞ് എത്രയോ നാളുകള്‍ കഴിഞ്ഞാണ് മണിച്ചേട്ടനൊപ്പം ഞാന്‍ പ്രോഗ്രാമുകള്‍ ചെയ്തത്. ആദ്യ പ്രോഗ്രാമില്‍ അദ്ദേഹത്തോടൊപ്പം മറ്റൊരാളാണ് നൃത്തം ചെയ്യേണ്ടിയിരുന്നത്. എന്നെ പങ്കെടുപ്പിക്കുന്നതില്‍ അദ്ദേഹത്തിനു താത്പര്യവുമില്ലായിരുന്നു. കാരണം ഞാന്‍ ക്ലാസിക് ഡാന്‍സാണ് ചെയ്യുന്നത്. നാടന്‍പാട്ടിനൊപ്പം ഡാന്‍സ് ചെയ്യാന്‍ എനിക്കു കഴിയില്ലെന്നാണ് അദ്ദേഹം കരുതിയിരുന്നത്. എന്നാല്‍ പകരക്കാരിയായി ആ പ്രോഗ്രാമില്‍ നൃത്തം ചെയ്യേണ്ടി വന്നു.
എന്നാല്‍ ആ പ്രോഗ്രാം വളരെ നന്നാവുകയും മണിച്ചേട്ടന് എന്നില്‍ വിശ്വാസം വരികയും ചെയ്തു. അന്നു ഞാന്‍ അദ്ദേഹത്തോട് ഞാനിപ്പോള്‍ കൂടുതല്‍ സിനിമയും സീരിയലുമൊന്നും ചെയ്യുന്നില്ലെന്നും സ്‌റ്റേജ് ഷോകളാണു ചെയ്യുന്നതെന്നും പറഞ്ഞു. സഹായിക്കാനുള്ള മനോഭാവമുള്ളയാളായതുകൊണ്ട് മണിച്ചേട്ടന്‍ പിന്നീട് അദ്ദേഹത്തിന്റെ അഞ്ചാറു പ്രോഗ്രാമുകളിലേക്ക് എന്നെ വിളിച്ചു. മരിക്കുന്നതിന് ആറുമാസം മുമ്പാണ് ഞാന്‍ അദ്ദേഹത്തെ അവസാനമായി കണ്ടത്. അദ്ദേഹം മരിക്കുന്ന സമയം എന്റെ സഹോദരന്റെ ഗൃഹപ്രവേശം നടക്കുകയായിരുന്നു.
ഞാന്‍ അവിടെയായിരുന്നു. എന്നിട്ടും മരണസമയത്ത് ഞാന്‍ പാഡിയിലുണ്ടായിരുന്നു എന്നു വരെ വാര്‍ത്ത വന്നു. ആ മാഗസിന്‍ വായിച്ചു കഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊക്കെയും ഗോസിപ്പ് എന്നെപ്പറ്റിയുണ്ടായിരുന്നു എന്നു പോലും ഞാന്‍ അറിയുന്നത്. ഒരു പെണ്‍കുട്ടിയുടെ കുടുംബം തകര്‍ത്തിട്ടാവരുത് ഒരു മാഗസിന്റെ പ്രചാരം വര്‍ധിപ്പിക്കേണ്ടത്. എല്ലാം ദൈവത്തിനറിയാം. ആരെ പേടിച്ചില്ലെങ്കിലും ദൈവം എന്നൊരാളെ പേടിക്കണമെന്നു പറയാറില്ലേ, അതില്‍ വിശ്വസിക്കുന്നയാളാണു ഞാന്‍. ഒരാളെയും ഞാന്‍ ദ്രോഹിക്കാന്‍ പോയിട്ടില്ല. എന്നിട്ടും… ഇങ്ങനെ… എല്ലാം കാലം തെളിയിക്കട്ടെ…