കലാഭവന്‍ മണിയുടെ മരണസമയത്ത് പലതരത്തിലുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. മരിക്കുന്നതിന്റെ തലേദിവസം മണിയുടെ വിശ്രമകേന്ദ്രമായ പാഡിയില്‍ ഒരു നടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നായിരുന്നു അതിലൊന്ന്. അഞ്ജു അരവിന്ദാണ് നടിക്കൊപ്പം ഉണ്ടായിരുന്നതെന്നു വാര്‍ത്തകളുമുണ്ടായിരുന്നു. കലാഭവന്‍ മണിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന അഞ്ജു ഒടുവില്‍ മൗനം വെടിഞ്ഞിരിക്കുകയാണ്.
കലാഭവന്‍ മണിയെ കാണാന്‍ പലരും പോയിരിക്കാമെന്നും അന്ന് അവിടെയുണ്ടായിരുന്നത് താനല്ലെന്നുമാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. മണിച്ചേട്ടനുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം അവസാനമായി ചെയ്ത സ്‌റ്റേജ് ഷോയിലും ഞാന്‍ പങ്കെടുത്തിരുന്നു. കൊച്ചിയില്‍ സ്വന്തമായി ഒരു ഫഌറ്റ് വാങ്ങിയപ്പോള്‍ എന്നെ സഹായിച്ചത് അദ്ദേഹമാണ്. സിനിമയില്‍ അവസരം കുറഞ്ഞതോടെ ഫഌറ്റിന്റെ ലോണ്‍ അടയ്ക്കാന്‍ ബുദ്ധിമുട്ട് വന്നു. ആ സമയത്ത് ഓസ്‌ട്രേലിയയിലെ ഒരു പരിപാടിയില്‍ എന്റെ സങ്കടങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് വന്ന ഷോകളില്‍ എനിക്ക് അവസരം നല്കി. ഇക്കാര്യത്തില്‍ മറയ്ക്കാനൊന്നുമില്ല.
ഒരുമിച്ച് കുറച്ച് സിനിമകളില്‍ അഭിനയിച്ചാല്‍ ഗോസിപ്പിറങ്ങുന്ന നാടാണ് കേരളമെന്ന് പരിഹസിക്കാനും താരം മറന്നില്ല. ഞങ്ങള്‍ ഒന്നിച്ചാണ് അക്ഷരമെന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തുന്നത്. അതുകൊണ്ടാകാം വിവാദങ്ങളില്‍ എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടത്. മണിച്ചേട്ടന് അസുഖമുള്ള കാര്യം അറിയില്ലായിരുന്നുവെന്നും അഞ്ജു പറയുന്നു.