മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് അഞ്ജു അരവിന്ദ്. അക്ഷരം എന്ന സിബി മലയില്‍ ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ അനിയത്തിക്കുട്ടിയായി ആയിരുന്നു മലയാളസിനിമയില്‍ അരങ്ങേറ്റം.
പൂവൈ ഉനക്കാഗെ എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തില്‍ വിജയ്യുടെ നായികയായിട്ടാണ് അഞ്ജു തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടത്.
വിജയിയുടെ സിനിമാ ജീവിതത്തിലെ ആദ്യത്തെ ഹിറ്റായിരുന്നു പൂവെ ഉനക്കാഗെ എന്ന സിനിമ. പാര്‍വതി പരിണയത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് അഞ്ജുവിന് വിജയ് ചിത്രത്തിലെ നായിക വേഷം ലഭിച്ചത്.
1996ല്‍ ആണ് പൂവെ ഉനക്കാഗെ തിയറ്ററുകളിലെത്തിയത്. അതിന് മുമ്പ് നാലില്‍ അധികം സിനിമകളില്‍ വിജയ് അഭിനയിച്ചെങ്കിലും ഒന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
മാത്രമല്ല വിജയിയുടെ രൂപത്തിന്റെ പേരില്‍ വലിയ പരിഹാസങ്ങള്‍ നേരിടേണ്ടിയും വന്നിട്ടുണ്ട്.
എന്നാല്‍ പൂവെ ഉനക്കാഗെ റിലീസ് ചെയ്തതോടെ വിജയിയുടെ കരിയര്‍ ബ്രേക്കാണ് ഉണ്ടായത്. പിന്നീട് തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഇളയ ദളപതിയായി മാറി.
പൂവെ ഉനക്കാഗെ കഴിഞ്ഞ ശേഷം ഒരിക്കല്‍ ചെന്നൈയില്‍ പോയപ്പോള്‍ നാണംകെട്ട സംഭവം അഞ്ജു ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴും ഞാന്‍ ഓര്‍ത്ത് ചിരിക്കും. ചെന്നൈ റെയില്‍വെ സ്റ്റേഷനില്‍ പോകുന്നവര്‍ക്ക് അറിയാം അവിടുത്തെ പോര്‍ട്ടര്‍ നമ്മള് ചെന്ന് ഇറങ്ങുമ്പോള്‍ തന്നെ ബാഗ് എടുക്കാന്‍ ഓടിവരും.
പിന്നെ വലിയ കൂലിയും ചോദിക്കും. അതെനിക്ക് നന്നായി അറിയാം. അതുകൊണ്ട് ഞാന്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ തന്നെ അവരെ തടയണം എന്ന് വിചാരിച്ചിരുന്നു.
ഞാന്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ കുറേപ്പേര് ഓടിവന്നു. ഞാന്‍ വിചാരിച്ചു പോര്‍ട്ടര്‍മാരാണെന്ന്. ഉടനെ ഞാന്‍ അവരോട് പറഞ്ഞു ആരും എന്റെ ബാഗില്‍ തൊടരുത്. ഉടനെ അവര്‍ എന്നോട് പറഞ്ഞു.
ഞങ്ങള്‍ അതിന് വന്നതല്ല. പൂവെ ഉനക്കാഗെ കണ്ടിട്ടുള്ള ഇഷ്ടം അറിയിക്കാന്‍ വന്നതാണെന്ന് എന്നോട് പറഞ്ഞു. അവര്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ ആകെ ചമ്മിപ്പോയി.
ഇതുപോലെ നാണം കെട്ട അവസ്ഥയുണ്ടായിട്ടില്ല. ഇന്നും തമിഴ്നാട്ടില്‍ ചെന്നാല്‍ എല്ലാവര്ക്കും സ്നേഹമാണ്.
അരുണാചലത്തിലെ രജനിസാറിന്റെ പെങ്ങള്, വിജയ് പടത്തിലെ നായിക എന്നൊക്കെ പറഞ്ഞാണ് അഭിസംബോധന ചെയ്യുന്നത് പോലും- അഞ്ജു പറയുന്നു.
-പിജി