ന്യൂഡല്‍ഹി: അഞ്ജു ബോബി ജോര്‍ജ് ദേശീയ കായിക നിരീക്ഷക സ്ഥാനം ഒഴിയണമെന്ന് കേന്ദ്ര കായികമന്ത്രാലയം. ഭിന്നതാത്പര്യം സംരക്ഷിക്കുന്നു, സ്വന്തം അക്കാദമി നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് കായികമന്ത്രാലയത്തിന്റെ നിര്‍ദേശം.
അഞ്ജുവിനോടൊപ്പം സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ട് നിരീക്ഷക സമിതിയിലെ നാലു പേര്‍ക്കു കൂടി കായികമന്ത്രാലയം കത്തയച്ചിട്ടുണ്ട്. ഇതില്‍ സിഡ്നി ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിയുമുണ്ട്. ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ പി.ടി.ഉഷയോടും അഭിനവ് ബിന്ദ്രയോടും സ്ഥാനമൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇരുവരും സ്ഥാനം രാജിവച്ചൊഴിയുകയും ചെയ്തു.
2022ലെ ഒളിമ്പിക്സ് ലക്ഷ്യമിട്ട് കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി 12 അംഗ നിരീക്ഷക സമിതിക്ക് കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍, പല ഉപദേശകര്‍ക്കും സ്വന്തം കായിക പരിശീലക സ്ഥാപനങ്ങളുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന് പുറമെ ദേശീയ ടീമിലേക്കുള്ള സെലക്ഷന് കമ്മിറ്റിയിലും ഉപദേശകര്‍ ഇടപെടുന്നുവെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദങ്ങളൊഴിവാക്കാന്‍ കായികമന്ത്രാലയത്തിന്റെ നടപടി.