പാലാ: മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയാണ് (20) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മുതലാണ് പെൺകുട്ടിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ അഗ്നിശമനസേനയുടെ മുങ്ങൽ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജിൽ ബികോം അവസാന വർഷ വിദ്യാർഥിനിയായ അഞ്ജു യൂണിവേഴ്സിറ്റി പരീക്ഷയെഴുതാൻ ശനിയാഴ്ച ചേർപ്പുങ്കൽ കോളജിലെത്തിയിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ഉണ്ടായിരുന്നു. വൈകുന്നേരമായിട്ടും പെൺകുട്ടി തിരിച്ചെത്താത്തതിനെത്തുടർന്നു വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയുടെ ബാഗും ചേർപ്പുങ്കൽ പാലത്തിനു സമീപം കണ്ടെത്തുകയായിരുന്നു. സിസിടിവി കാമറ ദൃശ്യങ്ങളിൽ പെണ്‍കുട്ടി ആറിന്റെ ഭാഗത്തേക്ക് നടന്നു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പെണ്‍കുട്ടി ആറ്റിൽ ചാടുന്നതായി ആരും കണ്ടിരുന്നില്ല.