മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഗായികയാണ് അഞ്ജു ജോസഫ്. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റിഷോയിലൂടെയാണ് അഞ്ജു പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.
സൗന്ദര്യവും മാധുര്യമുള്ള ശബ്ദവും അഞ്ജുവിന് വളരെപ്പെട്ടെന്നു തന്നെ ആളുകളുടെ പ്രിയങ്കരിയാക്കി. ഇന്ന് ഗായിക എന്ന നിലയില്‍ അഞ്ജുവിന് സ്വന്തമായൊരിടം സംഗീതലോകത്തുണ്ട്.
താരത്തിന്റെ ബാന്‍ഡും യൂട്യൂബ് ചാനലുമൊക്കെ പ്രശസ്തമാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമെല്ലാം താരത്തെ ഫോളോ ചെയ്യുന്നത്.
അഞ്ജുവിന്റെ പാട്ടുകളുടെ വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അഞ്ജുവിന്റെ ചാനലില്‍ പാട്ട് മാത്രമല്ല, യാത്രയും ബ്യൂട്ടി ടിപ്പ്സുമെല്ലാം പങ്കുവെക്കാറുണ്ട്.
അടുത്ത കാലത്തായി അഭിനയത്തിലേക്കും അഞ്ജു ചുവടുവെച്ചിരുന്നു. വലിയ വേദനകളെയും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെയും അതിജീവിച്ചാണ് അഞ്ജു ജോസഫ് ഇന്ന് കാണുന്ന അഞ്ജുവിലേക്ക് എത്തിനില്‍ക്കുന്നത്.
ഇപ്പോഴിതാ ജോഷ് ടോക്സില്‍ അതേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം. ഒരു പാട്ടുകാരിക്ക് കിട്ടാവുന്ന ഏറ്റവും മോശം കമന്റാണ് ശബ്ദം നല്ലതല്ലെന്ന് പറഞ്ഞ് ഒഴിവാക്കുന്നത്. അത് ഒരുപാട് കേട്ടിട്ടുള്ള ആളാണ് താനെന്ന് അഞ്ജു പറയുന്നു.
വിനോദ മേഖല മുഴുവന്‍ അടിച്ചു പൊളിയാണെന്നും യാതൊരുവിധ സമ്മര്‍ദ്ദങ്ങളും ഇല്ലെന്നുമൊക്കെയാണ് പൊതുവെ എല്ലാവരുടെയും ധാരണ.
എന്നാല്‍ അങ്ങനെയല്ല, ഒരുപാട് സ്ട്രഗിള്‍സ് ഉണ്ടാവുന്ന, സമ്മര്‍ദ്ദങ്ങള്‍ ഉള്ള മേഖലയാണ്. എല്ലാ കലാകാരന്മാരെയും പോലെ യുവജനോത്സവങ്ങളില്‍ നിന്നാണ് താനും വളര്‍ന്നു വന്നത്.
പിന്നീട് റിയാലിറ്റി ഷോയില്‍ ഫൈനലിസ്റ്റായതാണ് കരിയറില്‍ വഴിത്തിരിവായതെന്ന് അഞ്ജു പറഞ്ഞു.
സിനിമ തന്നെയായിരുന്നു സ്വപ്നം. റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു ഫെയിം ലഭിച്ചു.
ഒരുപാട് ഷോകള്‍ ചെയ്യാന്‍ തുടങ്ങി. ലോകത്തിന്റെ പലഭാഗങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍ സിനിമയിലേക്ക് ആരും വിളിച്ചില്ല.
അവസാനം അവസരം ചോദിച്ചു നടക്കാന്‍ തുടങ്ങി. അപ്പോഴാണ് ശബ്ദം കൊള്ളില്ല എന്ന കമന്റുകള്‍ വന്ന് തുടങ്ങുന്നത്. അതോടെ ആത്മവിശ്വാസം നഷ്ടമായി. പാടാന്‍ പോലും ധൈര്യമില്ലാതെയായി.
എന്നാല്‍ ഇതാണ് തന്റെ ജോലിയെന്ന് മനസിലാക്കി ഇതുമായി മുന്നോട്ട് പോവുകയായിരുന്നു.
അതിനിടെ വിവാഹം നടന്നു. അധികം വൈകാതെ തന്നെ ഡിവോഴ്സും നടന്നു. അത് മെന്റല്‍ ഹെല്‍ത്തിനെ ആകെ തകര്‍ത്തു കളഞ്ഞുവെന്ന് അഞ്ജു പറയുന്നു.
ജീവിതത്തിലും കരിയറിലുമെല്ലാം തോറ്റുപോയി എന്ന ചിന്തയായി. ഡിപ്രഷന് അടക്കം പല പ്രശ്നങ്ങളും അനുഭവിച്ചു.
അതിനിടയിലും ഷോ ചെയ്യുന്നുണ്ടായിരുന്നു. ഷോയ്ക്ക് പോകുന്ന ദിവസം രാവിലെ ഇരുന്ന് കരയും. അല്ലെങ്കില്‍ സ്റ്റേജില്‍ കയറുന്നതിന് മുന്നേ ഇരുന്ന് കരയും.
പ്രശ്നങ്ങള്‍ പുറത്തു കാണിക്കാതെയാണ് പെര്‍ഫോം ചെയ്തുകൊണ്ടിരുന്നത്. ആ സമയത്ത് ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്ന് താരം പറയുന്നു.
ഒന്ന് രണ്ടുമാസം ഉറക്കമില്ലാതെ ഇരുന്ന് കരഞ്ഞിട്ടുണ്ട്. എങ്ങനെ അതില്‍ നിന്ന് കയറി വരണമെന്ന് പോലും അറിയില്ലായിരുന്നു.
സുഹൃത്തുക്കളും എന്റെ തെറാപ്പിസ്റ്റും കാരണം മാത്രമാണ് ഇപ്പോള്‍ താന്‍ ഇവിടെ നില്‍ക്കുന്നതെന്നും അഞ്ജു വ്യക്തമാക്കി.
ആ വേദനകളെയെല്ലാം മറികടന്ന ശേഷമാണ് താന്‍ സ്വന്തമായൊരു ബാന്‍ഡ് ആരംഭിച്ച് ഇന്‍ഡിപെന്‍ഡന്റ് മ്യുസീഷ്യനായി മാറിയത്.
അതിനെല്ലാത്തിനും സഹായിച്ചത് തെറാപ്പിയാണ്. അതുപോലെ പലയിടങ്ങളില്‍ നിന്നും റിജെക്റ്റ് ചെയ്യപ്പെട്ടതാണ് ഓരോന്ന് ചെയ്യാന്‍ പ്രേരിപ്പിച്ചത്.
ഇന്ന് തന്റെ സന്തോഷത്തിന് വേണ്ടിയാണ് താന്‍ ജീവിക്കുന്നത്. ജീവിതത്തില്‍ സെല്‍ഫ് ലവ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും അഞ്ജു ജോസഫ് പറഞ്ഞു.