കോട്ടയം: ബികോം വിദ്യാർഥിനിയായ അഞ്ജു പി. ഷാജിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർവകലാശാലയുടെ മൂന്നംഗ സമിതി റിപ്പോർട്ട് വൈസ് ചാൻസിലർക്കു സമർപ്പിച്ചു.
ഇന്നലെ മൂന്നംഗ സമിതി ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളജിലെത്തി വിശദമായി അന്വേഷണം നടത്തിയിരുന്നു. സംഭവം നടന്ന ദിവസം കോളജിൽ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർ, ഹാളിലുണ്ടായിരുന്ന മറ്റൊരു അധ്യാപിക എന്നിവരിൽ നിന്നും സമിതിയംഗങ്ങൾ വിവരങ്ങൾ ശേഖരിച്ചു.
സിസിടിവി ദൃശ്യങ്ങളും മൂന്നംഗ സമിതി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ വിശദമായ റിപ്പോർട്ടാണ് ഇന്നു ഉച്ചയ്ക്കു വൈസ് ചാൻസിലർക്കു സമർപ്പിച്ചത്. സിൻഡിക്കറ്റംഗങ്ങളായ ഡോ. എം.എസ്. മുരളി, ഡോ. അജി സി. പണിക്കർ, വി.എസ്. പ്രവീണ്‍കുമാർ എന്നിവരാണ് സമിതിയംഗങ്ങൾ.
ഇന്നലെ ജില്ലാ പോലീസ് ചീഫ് ജി. ജയദേവ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കോളജിലെത്തി പരിശോധന നടത്തി. പരീക്ഷ ഹാളിലെയും കോളജിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധനകൾക്കായി പോലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. ഇവ സൈബർ സെല്ലിനു കൈമാറിയിട്ടുണ്ട്.