കോട്ടയം: ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളജിലെ പരീക്ഷകേന്ദ്രത്തിൽ ബികോം പ്രൈവറ്റ് പരീക്ഷയെഴുതിയ വിദ്യാർഥിനിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എംജി സർവകലാശാല നിയോഗിച്ച മൂന്നംഗ സമിതി അന്വേഷണം തുടങ്ങി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു പി. ഷാജി (20)യാണ് മരിച്ചത്.
ഇന്നു രാവിലെ 11.30നു കോളജിലെത്തി സമിതിയംഗങ്ങൾ ഇൻവിജിലേറ്റർ, പരീക്ഷ സൂപ്രണ്ട് എന്നിവരിൽ നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കോളജിന്റെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും സർവകലാശാലയുടെ മൂന്നംഗ സമിതി അന്വേഷിക്കുന്നത്.
പരീക്ഷ ഹാളിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ സമിതിയംഗങ്ങൾ പരിശോധിക്കും. അതേസമയം വിദ്യാർഥിനി കോപ്പിയടിക്കാനായി ഹാൾ ടിക്കറ്റിന്റെ പുറകിൽ പെൻസിലു കൊണ്ട് പാഠഭാഗങ്ങൾ എഴുതിവച്ചുവെന്നാണ് കോളജ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ സർവകലാശാലയുടെ മൂന്നംഗ സമിതിയ്ക്ക് ഹാൾ ടിക്കറ്റ് പരിശോധിക്കാൻ സാധിക്കില്ല.
ഇതു പോലീസിന്റെ പക്കലായതിനാലാണ് ഹാൾ ടിക്കറ്റ് പരിശോധിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരിക്കുന്നത്. പരീക്ഷാക്രമക്കേട് നടത്തിയെന്ന ആരോപണത്തെക്കുറിച്ചും തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും ഇന്നു തന്നെ അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി മൂന്നംഗം സമിതി റിപ്പോർട്ട് സർവകലാശാല വൈസ് ചാൻസിലർക്കു സമർപ്പിക്കും.
തുടർന്നായിരിക്കും സർവകലാശാലയുടെ ഭാഗത്തു നിന്നും നടപടിയുണ്ടാവുക. സിൻഡിക്കറ്റംഗങ്ങളായ ഡോ. എം.എസ്. മുരളി, ഡോ. അജി സി. പണിക്കർ, വി.എസ്. പ്രവീണ്‍കുമാർ എന്നിവരാണ് സമിതിയംഗങ്ങൾ.