കായംകുളം : ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിക്കുന്ന കാലത്ത് അതിനെതിരെ മാനവിക മൂല്യങ്ങൾ ഉയർത്തി മുസ്ലിം പള്ളിയുടെ അങ്കണത്തിൽ ഒരുക്കിയ കതിർ മണ്ഡപത്തിൽ അഞ്ജുവും ശരത്തും വിവാഹിതരായി. ഹിന്ദു പെൺകുട്ടിയുടെ വിവാഹം ഹൈന്ദവ ആചാര പ്രകാരം നടത്തി നൽകി കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്താണ് മതസാഹോദര്യത്തിന് മാതൃകയായത് .
ഇന്നലെ രാവിലെ 11.30നും 12.30നും മധ്യയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ജമാഅത്ത് പള്ളിയില്‍ ഒരുക്കിയ കതിർ മണ്ഡപത്തിൽ വെച്ച് ശരത് അഞ്ജുവിന് താലി ചാര്‍ത്തിയത്.ചേരാവള്ളിയില്‍ വാടകയ്ക്കു താമസിക്കുന്ന അമൃതാഞ്ജലിയില്‍ പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളാണ് അഞ്ജു.രണ്ട് വര്‍ഷം മുമ്പ് അഞ്ജുവിന്റെ പിതാവ് അശോകന് ഹൃദയാഘാതം മൂലം മരിച്ചു.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന ബിന്ദു വിവാഹം നടത്താൻ സഹായം തേടി ചേരാവള്ളി മുസ്ലിം ജമാഅത്തിൽ അപേക്ഷ നൽകുകയായിരുന്നു. അയല്‍വാസിയും ജമാ അത്ത് സെക്രട്ടറിയുമായ നുജുമുദ്ദീൻ ആലുമൂട്ടിലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ച ജമാഅത്ത് കമ്മിറ്റി സാമ്പത്തിക സഹായത്തിനപ്പുറം വിവാഹം തന്നെ പൂർണ്ണ മായി ഏറ്റെടുത്ത് നടത്തി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
പെണ്‍കുട്ടിക്ക് പത്ത് പവന് സ്വര്‍ണവും വസ്ത്രങ്ങളും പള്ളി കമ്മിറ്റി നൽകി . ഇതിന് പുറമെ വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപയും പള്ളിക്കമ്മിറ്റി ബാങ്കില്‍ നിക്ഷേപിക്കുന്നുണ്ട് . വിവാഹം നടത്തിക്കൊടുക്കാൻ ജമാഅത്തിന് മുഴുവൻ ധനസഹായവും നൽകി ഒപ്പം നിന്നത് ജമാഅത്ത് അംഗമായ ചേരാവള്ളി പട്ടന്റയ്യത്ത് നസീർ എന്ന വ്യാപാരിയാണ്.
ഒരു സഹോദരിക്ക് ചെയ്ത് കൊടുക്കേണ്ട നന്മയാണെന്ന് തിരിച്ചറിഞ്ഞാണ് ജമാഅത്ത് കമ്മറ്റി ഹിന്ദുവായ അഞ്ജുവിന്റെ വിവാഹം നടത്തിക്കൊടുക്കാൻ രംഗത്തെത്തിയത്. വിവാഹത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും ജമാഅത്ത് കമ്മിറ്റി വിഭവ സമൃദ്ധമായ സദ്യയും നൽകി. എ.എം. ആരിഫ് എംപി, ഡിസിസി പ്രസിഡന്റ് എം. ലിജു, പള്ളിക്കൽ സുനിൽ, ചുനക്കര ജനാർദ്ദനൻ നായർ, റിയാസുദീൻ മുസ്ലിയാർ, ജലാലുദീൻ മൗലവി തുടങ്ങിയ നിരവധിപേർ പങ്കെടുത്തു.
ജമാഅത്ത് കമ്മിറ്റി തന്നെ ലെറ്റർ പാഡിൽ വിവാഹ ക്ഷണക്കത്ത് തയാറാക്കിയാണ് കല്യാണത്തിന് അതിഥികളെ ക്ഷണിച്ചത്. ജമാഅത്ത് കമ്മിറ്റി തയാറാക്കിയ വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ മുമ്പ് വൈറലായിരുന്നു.