കട്ടപ്പന: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കാഞ്ചിയാർ അഞ്ചുരുളിയിലേക്കുള്ള പാതയുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. കക്കാട്ടുകട അഞ്ചുരുളി റോഡിൽ ജോണിക്കടയിൽനിന്നു പ്രകടനം നടത്തി. തുടർന്ന് റോഡിലെ ഗർത്തത്തിൽ വാഴനട്ടും പ്രതിഷേധിച്ചു.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് പാത. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ വലിയ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ ആശുപത്രി ആവശ്യങ്ങൾക്ക് ഉൾപ്പെടെ ടാക്സി വാഹനങ്ങൾ പോലും എത്താത്ത അവസ്ഥയാണ്.
കെഎസ്ആർടിസിയുടെ അടക്കം നിരവധി വിനോദസഞ്ചാര പാക്കേജുകൾ മേഖലയിലൂടെ കടന്നുപോയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ മൂലം ഇവയെല്ലാം നിർത്തേണ്ട സാഹചര്യമാണ്.
വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും വലയ്ക്കുന്ന പാതയുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഗ്രാമ പഞ്ചായത്ത് അംഗം ഷാജി വേലംപറമ്പിൽ, ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, അനിത സത്യൻ, ഗിരിജ അനീഷ്, ജോയ് ആനത്താനം, മോനിച്ചൻ മുട്ടത്ത്, ബിനോയ് പതിപ്പള്ളിയിൽ, ലാലിച്ചൻ മുട്ടത്ത്, സോണിയ ജോബി, ജോസ് പ്ലാപ്പറമ്പിൽ, റെജി പാലപ്ലാക്കൽ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.