ന്യൂഡൽഹി: ഡൽഹിയിൽ 23കാരനായ ഫോട്ടാഗ്രഫറെ വെട്ടിക്കൊന്ന സംഭവത്തിൽ അച്ഛനും അമ്മയും ബന്ധുവും അറസ്റ്റിൽ. ഇരുപത് വയസുള്ള യുവതിയുമായി കൊല്ലപ്പെട്ട അങ്കിത് മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തിന് പെണ്‍കുട്ടിയുടെ കുടുംബം എതിരായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അച്ഛനെയും സഹോദരനെയും വീട്ടിൽ പൂട്ടിയിട്ടതിനുശേഷം പെൺകുട്ടി അങ്കിതിനെ കാണാൻ പോയി.
ഇതിൽ ക്ഷുഭിതനായ അച്ഛൻ രാത്രി ഒന്‍പതിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന അങ്കിതിനെ ആക്രമിക്കുകയായിരുന്നു. അങ്കിതിന്റെ വീടിന് തൊട്ടടുത്തായി ഒളിച്ചു നിന്ന സംഘം മൂർച്ചയേറിയ ആയുധം കൊണ്ട് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് അങ്കിതിന്റെ അമ്മ പുറത്ത് വന്നപ്പോൾ മകൻ വെട്ടേറ്റ് കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കുറച്ച് വർഷങ്ങൾക്ക് മുന്‍പ് അങ്കിതിന്റെ അയൽവാസി ആയിരുന്നപ്പോഴാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ യുവതി ഇയാളുമായി പ്രണയത്തിലാകുന്നത്. എന്നാൽ കുടുംബം ഇവിടെ നിന്നും മാറി താമസിച്ചെങ്കിലും ഇരുവരും തങ്ങളുടെ പ്രണയ ബന്ധം തുടർന്നു. ഇതേച്ചൊല്ലി പലപ്രാവശ്യം അങ്കിതും പെണ്‍കുട്ടിയുടെ കുടുംബവും തമ്മിൽ തർക്കമുണ്ടായിരുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ വിജയ് കുമാർ വ്യക്തമാക്കി.