ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് കൊച്ചുകുട്ടികളടക്കം എല്ലാവര്ക്കും സ്മാര്‍ട്ട് ഫോണും സമൂഹമാധ്യമങ്ങളും ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നത്. സ്മാര്‍ട്ട് ഫോണിനും അതുവഴി സമൂഹമാധ്യമങ്ങളിലുമുള്ള കുട്ടികളുടെ അടിമത്തം അവരെ പഠന മേഖലയില്‍ പിന്നിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. പലര്‍ക്കും അതില്‍ നിന്ന് മോചനം നേടാന്‍ സാധിക്കാറില്ല. ഈയൊരറ്റ കാരണത്താല്‍ എത്തിപ്പിടിക്കാവുന്ന പലതും യുവതലമുറ നഷ്ടപ്പെടുത്തി കളയാറുമുണ്ട്.
ഇത്തരത്തില്‍ സോഷ്യല്‍മീഡിയയുടെ അമിതോപയോഗത്തില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന ആളാണ് ഹരിയാനയിലെ റോഥക് സ്വദേശി അങ്കിത ചൗധരി. ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 14 ാം റാങ്കാണ് അങ്കിത സ്വന്തമാക്കിയത്. അതെങ്ങനെ സാധിച്ചു എന്ന് അങ്കിത വിശദീകരിക്കുന്നിടത്താണ് അത് പുതു തലമുറയ്ക്ക് വലിയ പാഠമായി മാറുന്നത്.
സ്കൂള്‍ കാലഘട്ടം മുതല്‍ തന്നെ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അങ്കിതയെന്നു പിതാവ് പറയുന്നു. സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനായി അങ്കിത രണ്ടു വര്‍ഷമാണ് സോഷ്യല്‍ മീഡിയക്ക് അവധി കൊടുത്തത്. ഫേസ്ബുക്കും വാട്ട്സാപ്പും ഇന്‍സ്റ്റാഗ്രാമുമൊക്കെ ഒരു കോണിലേക്ക് നീക്കി വെച്ചാണ് ഈ തിളക്കമാര്‍ന്ന വിജയം അങ്കിത നേടിയത്.
റോതക്കിലെ ഇന്‍ഡസ് പബ്ലിക് സ്കൂള്‍, ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള ഹിന്ദു കോളജ്, ഐഐടി ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു അങ്കിതയുടെ പഠനം. രണ്ടാം വട്ട പരിശ്രമത്തിനൊടുവിലാണ് അങ്കിത ഈ നേട്ടം കൈവരിക്കുന്നത്. പുസ്തക വായനയും ഡിസ്കവറി ചാനല്‍ കാണലുമാണ് അങ്കിതയുടെ ഇഷ്ട വിനോദങ്ങള്‍. റോതക്കിലെ ഒരു പഞ്ചസാര മില്ലില്‍ അക്കൗണ്ടന്റ് ആണ് അങ്കിതയുടെ പിതാവ് സത്യവാന്. അമ്മ നാലു വര്‍ഷം മുന്‍പു വാഹനാപകടത്തില്‍ മരണപ്പെട്ടു.