മിനുങ്ങും മിന്നാമിനുങ്ങേ…! കണ്ണീരണിയിച്ച്, വിവാഹദിനത്തില്‍ ആന്‍ലിയയും പിതാവും ചേര്‍ന്ന് പാടിയ ഗാനം; സത്യം തെളിയിക്കാനുള്ള പോരാട്ടത്തിനിടയില്‍ മകളെക്കുറിച്ചുള്ള ഓര്‍മകളില്‍ ഉരുകി മാതാപിതാക്കള്‍

ഭൂമിയിലെ മാലാഖയായിരുന്ന ആന്‍ലിയ എന്ന യുവതിയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള ആരോപണങ്ങളും അതെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും ചര്‍ച്ചകളും അന്വേഷണവുമെല്ലാം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ മാസം 28നാണ് കൊച്ചി സ്വദേശിയും നഴ്‌സുമായ ആന്‍ലിയയുടെ മൃതശരീരം പെരിയാറില്‍ നിന്നും കണ്ടെടുക്കുന്നത്.

അന്‍ലിയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന സംശയം പോലീസിനുണ്ടായിരുന്നു. യുവതിയുടെ മാതാപിതാക്കളും അത് തന്നെയാണ് ആരോപിച്ചിരുന്നത്. സംശയം ചെന്നെത്തിയത് ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനിലാണ്. ജസ്റ്റിനും വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് ആന്‍ലിയ ഡയറിയില്‍ എഴുതിയിട്ടുണ്ട്.

മകളുടെ മരണശേഷം നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് അച്ഛന്‍ ഹൈജിനസ്. മകള്‍ക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി ഹൈജിനസ് മാധ്യമങ്ങളെ കണ്ടതോടെയാണ് ആന്‍ലിയയുടെ മരണം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

ആന്‍ലിയയുടെയും ജസ്റ്റിന്റെയും വിവാഹദിനത്തിലെ വീഡിയോയും മറ്റും ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുമുണ്ട്. വിവാഹദിനത്തില്‍ ആന്‍ലിയയും അച്ഛനും ഒന്നിച്ച് പാടിയ പാട്ടാണ് അക്കൂട്ടത്തില്‍ ഒന്ന്. കേള്‍ക്കുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തുകയാണ് ആ വീഡിയോയും ആന്‍ലിയ പാടിയ പാട്ടും.

മകള്‍ക്കൊപ്പമുള്ള വിഡിയോ ഹൈജിനസ് തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മിനുങ്ങും മിന്നാമിനുങ്ങേ… മിന്നിമിന്നി തേടുന്നതാരേ, വരുമോ ചാരെ നിന്നച്ഛന്‍’ എന്ന ഗാനമാണ് അച്ഛനും മകളും ഒരുമിച്ച് ആലപിച്ചിരിക്കുന്നത്. വിഡിയോയില്‍ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെയും കാണാം. അത്യാഢംബരപൂര്‍വ്വം നടത്തിയ ഏക മകളുടെ വിവാഹം അവളുടെ അന്ത്യത്തിന് തന്നെ കാരണമായതിന്റെ വേദനയിലാണ് ആന്‍ലിയയുടെ മാതാപിതാക്കള്‍.

Related posts