അടുത്തകാലത്ത് ബാങ്കുകളില്‍ നിന്നും കോടിക്കണക്കിനു രൂപ ലോണ്‍ എടുത്ത് തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നവരില്‍ പലര്‍ക്കും ഇന്ത്യയിലെ അതി സമ്പന്നരുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്.
ബാങ്ക് ലോണ്‍ തട്ടിപ്പിന്റെ പേരില്‍ കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടംനേടിയ വജ്രവ്യാപാരി നീരവ് മോദി, റോട്ടോമാക് പെന്നിന്റെ പ്രമോട്ടര്‍ വിക്രം കോത്താരി തുടങ്ങിയവര്‍ക്ക് ഇന്ത്യയിലെ പ്രമുഖ ബിസിനസ് കുടുംബങ്ങളായ അംബാനി, അദാനി കുടുംബങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് ദ വയര്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
നീരവ് മോദിയും അദ്ദേഹത്തിന്റെ സഹോദരന്‍ നിഷാലും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും അവരുമായി ബന്ധമുള്ള വജ്ര കയറ്റുമതി സ്ഥാപനങ്ങളും 11,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയെന്ന ആരോപണമാണ് ഉയര്‍ന്നത്. ഈ കേസില്‍ സി.ബി.ഐ പ്രതിപ്പട്ടികയില്‍പ്പെടുത്തിയ നിഷാല്‍ മോദി വിവാഹം കഴിച്ചത് മുകേഷ് അംബാനിയുടെ മരുമകളായ ഇഷേത സല്‍ഗൗകറിനെയാണ്.
മുകേഷ് അംബാനിയുടെ സഹോദരി ദിപ്തി സല്‍ഗൗകറിനെ വിവാഹം ചെയ്തത് വി.എം സല്‍ഗൗകര്‍ എന്ന ഖനന സംരംഭം നടത്തുന്നവരുടെ കുടുംബത്തിലേക്കാണ്. 2016 ലായിരുന്നു നിഷാല്‍ മോദിയും ഇഷേതയുമായുള്ള വിവാഹ നിശ്ചയം നടന്നത്. അന്ന് വിവാഹപൂര്‍വ്വ ആഘോഷം സംഘടിപ്പിച്ചത് മുകേഷ് അംബാനിയായിരുന്നെന്നും മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയായ ആന്റിലയിലായിരുന്നു പരിപാടി നടന്നതെന്നും ദ എക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
അംബാനിയുമായുള്ള നീരവ് മോദിയുടെ ബന്ധം വ്യക്തിപരം എന്നതിനപ്പുറം പ്രഫഷണലായ രീതിയിലും നീളുന്നുണ്ട്. അതുപോലെതന്നെ പി.എന്‍.ബി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ കമ്പനികളിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ വിപുല്‍ അംബാനിയെ ചോദ്യം ചെയ്തതായി സി.ബി.ഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ധീരുഭായ് അംബാനിയുടെ മരുമകനും മുകേഷ്, അനില്‍ അംബാനിമാരുടെ ഫസ്റ്റ് കസിനുമാണ് വിപുല്‍ അംബാനി. റിലയന്‍സ് ഇന്‍സ്ട്രീസിലൂടെയാണ് വിപുല്‍ തന്റെ കരിയര്‍ ആരംഭിച്ചതെന്നാണ് ബ്ലൂംബേര്‍ഗ് കോര്‍പ്പറേറ്റ് ഡാറ്റാബെയ്‌സില്‍ പറയുന്നത്.
അതുപോലെതന്നെ വിക്രം കോത്താരിയുടെ മകള്‍ നമ്രദയെ ഗൗതം അദാനിയുടെ മരുമകനായ പ്രണവ് അദാനിയാണ് വിവാഹം ചെയ്തതെന്ന കാര്യവും അധികമാര്‍ക്കും അറിയില്ല. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ് മാനേജ്‌മെന്റ് ഡിഗ്രി പൂര്‍ത്തിയാക്കിയശേഷം പ്രണവ് അദാനിക്കൊപ്പം കൂടുകയും അദാനി ഗ്രൂപ്പിന്റെ കാര്‍ഷിക ബിസിനസ് ശാഖയായ അദാനി വില്‍മറിന്റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. അദാനി കോര്‍പ്പറേറ്റ് ഡോക്യുമെന്റുകളിലും പ്രണവ് അദാനിയുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകളിലും നമ്രദാ അദാനിയുടെ പേരുണ്ട്.
നീരവ് മോദിയെപ്പോലെ ലോണ്‍ തട്ടിപ്പു നടത്തിയ മറ്റൊരു വജ്രവ്യാപാരി കൂടിയുണ്ട്. വിന്‍സം ഡയമണ്ടിന്റെ ജതിന്‍ മെഹ്ത. അദാനി കുടുംബത്തിന് അദ്ദേഹവുമായും ബന്ധമുണ്ട്. 2012 ല്‍ മെഹ്തയുടെ മകന്‍ സൂരജ് ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് ശാന്തിലാല്‍ അദാനിയുടെ മകള്‍ കൃപയേയാണ് വിവാഹം ചെയ്തത്.