അപ്പു ജെ. കോട്ടയ്ക്കൽ
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക് ജീവിതമാർഗമായി മാറിയിരിക്കുകയാണ്. മലപ്പുറം സ്വദേശിയായ ആൻ മരിയയാണ് ഇത്തരത്തിൽ ഒരു മാതൃകാ വനിതാ സംരംഭകയായി മാറിയിരിക്കുന്നത്.
കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ കല്ലിടുക്കിൽ ബിൽഡിംഗ്സിലാണ് ആൻ മരിയയുടെ സംരംഭം. സ്വകാര്യ കമ്പനി നിർമിക്കുന്ന സർജിക്കൽ ഗ്ലൗസുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തി തരംതിരിക്കലാണ് ഈ യൂണിറ്റിൽ ചെയ്തുവരുന്നത്. ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ ആൻ മരിയയുടെ മേൽനോട്ടത്തിൽ ഈ ജോലികൾ ഇവിടെ നടന്നുവരുന്നു.
അടഞ്ഞുകിടന്ന യൂണിറ്റ് ഏറ്റെടുക്കുന്നു
പത്ര പരസ്യം കണ്ട് ഗ്ലൗസ് ഇൻസ്പെക്ഷൻ യൂണിറ്റ് ഏറ്റെടുത്തു നടത്താനാണ് 2022 നവംബറിൽ ആൻ മരിയ ആദ്യമായി കൂത്താട്ടുകുളത്ത് എത്തുന്നത്. എട്ടു മാസത്തിൽ അധികം അടഞ്ഞുകിടന്നിരുന്ന ഗ്ലൗസ് ഇൻസ്പെക്ഷൻ യൂണിറ്റ് ഏറ്റെടുക്കുക എന്നുള്ളത് ആൻ മരിയയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. എങ്കിലും, മുൻപ് സ്വകാര്യ ഗ്ലൗസ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തിരുന്ന പ്രവർത്തി പരിചയം ആൻ മരിയയ്ക്ക് ഏറെ സഹായകരമായി.
പ്രതിസന്ധികൾ അതിജീവിച്ച് കമ്പനി ആരംഭിച്ചപ്പോഴേക്കും ആൻ മരിയയുടെ തൊഴിൽ സ്ഥാപനത്തിൽ തൊഴിലാളി ക്ഷാമം നേരിട്ടു. എന്നാൽ സ്വയം തൊഴിലെടുത്തും അധികസമയം ജോലി ചെയ്തും യൂണിറ്റിന്റെ പ്രവർത്തനം ആൻ മരിയ മുന്നോട്ടു കൊണ്ടുപോയി. ഇതിനോടൊപ്പം തൊഴിലാളികൾക്കുള്ള അന്വേഷണവും നടന്നുകൊണ്ടിരുന്നു.
40 തൊഴിലാളികൾ
ഇന്ന് ആൻ മരിയയ്ക്ക് കീഴിൽ 40 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഒരു വർഷം മുൻപ് ആരംഭിച്ച ഗ്ലൗസ് ഇൻസ്പെക്ഷൻ യൂണിറ്റിന്റെ ഒന്നാം വാർഷികം ആഘോഷിച്ചപ്പോൾ ആൻ മരിയയ്ക്ക് ഒപ്പം മധുരം പങ്കിടാൻ ജീവനക്കാരും ഒത്തുകൂടി. കേക്ക് മുറിച്ചും പാട്ടുപാടിയും സമ്മാനങ്ങൾ കൈമാറിയും ആണ് വാർഷിക ദിനം ഇവർ ആഘോഷിച്ചത്.
മുതലാളി-തൊഴിലാളി വ്യത്യാസം ഇല്ലാതെ എല്ലാവരും ഒരു കുടുംബാംഗങ്ങളെ പോലെയാണ് ഇവിടെ ജോലി ചെയ്യുന്നത്. ചെറുപ്പക്കാർ മുതൽ പ്രായം ചെന്നവർ വരെ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കൈത്തഴക്കവും കാഴ്ചയുടെ കൃത്യതയുമാണ് സമ്പാദ്യത്തിന്റെ അളവുകോൽ. തൊഴിലാളിക്ക് ഇഷ്ടമുള്ള സമയത്ത് ഇവിടെ ജോലി ചെയ്യാൻ കഴിയും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
കുടുംബിനികളായ വനിതകൾ
ജോലി നിലനിർത്താൻ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ താൻ നടത്തുന്ന സ്ഥാപനത്തിൽ ഉണ്ടാകരുത് എന്ന് ആഗ്രഹമാണ് അവർക്ക് അനുകൂലമായ ജോലി സാഹചര്യം ഇവിടെ ഒരുക്കാനുള്ള കാരണം എന്ന് ആൻ മരിയ പറഞ്ഞു. പല സ്ഥാപനങ്ങളിലായി താൻ ജോലി ചെയ്തിരുന്ന കാലത്ത് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു.
അതുകൊണ്ടാണ് നിയന്ത്രണങ്ങൾ ഇല്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം സ്ഥാപനത്തിൽ ഒരുക്കിയിരിക്കുന്നത്. വീട്ടിലെ ജോലിത്തിരക്കുകളും മറ്റ് ആവശ്യങ്ങളും പൂർത്തീകരിച്ചതിനുശേഷം മാത്രം ജോലിക്കെത്തിയാൽ മതി. ഇതുതന്നെയാണ് ഇവിടുത്തെ ജീവനക്കാർക്ക് അവരുടെ തൊഴിലുടമയെ കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണവും.
ആൻ മരിയയ്ക്ക് പൂർണ പിന്തുണയുമായി ഭർത്താവും മക്കളും ഒപ്പമുണ്ട്. വിദേശത്ത് ജോലി ചെയ്തിരുന്ന മൂത്ത മകനാണ് ഇപ്പോൾ സ്ഥാപനത്തിലെ കണക്കുകൾ പൂർണമായി നോക്കുന്നത്.