ഇപ്പോൾ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന എസ്ര എന്ന ചിത്രത്തിൽ റോസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആൻ ശീതൾ ഇനി ദുൽഖർ സൽമാന്റെ നായികയാകും. ദുൽഖറിനൊപ്പം വളരെ പ്രധാന്യമുള്ള കഥാപാത്രമായിട്ടാണ് ആൻ എത്തുന്നത്.
അനിൽ രാധാകൃഷ്ണ മേനോന്റെ നോർത്ത് 24 കാതം, സപ്തമശ്രീ തസ്കര, ലോർഡ് ലിവിങ്സ്റ്റണ് 7000 കണ്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച സലാം ബുഖാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖറും ആനും ഒന്നിക്കുന്നത്.
മുംബൈയിലെ പ്രശസ്ത ആക്ടിങ് സ്കൂളിൽ നിന്ന് അഭിനയം പഠിച്ച ശേഷമാണ് ആൻ ശീതൽ സിനിമാ രംഗത്തെത്തുന്നത്. ആനിന്റെ ആദ്യ ചിത്രമാണ് എസ്ര. ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് എസ്രയിലെ റോസി. ആദ്യ ചിത്രത്തിലൂടെ തന്നെ നടി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ദുൽഖറിന്റെ നായികയായി അഭിനയിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും വളരെ ഏറെ ഗൗരവത്തോടെയാണ് ഈ വേഷത്തെ കാണുന്നതെന്നും ആൻ ശീതൾ പ്രതികരിച്ചു.
കഥാപാത്രത്തെ കുറിച്ച് ഇപ്പോൾ കൂടുതലൊന്നും പറയാൻ കഴിയില്ലെന്നും നടി പറയുന്നു. ശിവപ്രസാദും ബിപിൻ ചന്ദ്രയും ചേർന്നാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രാഹണവും ഗോപി സുന്ദർ സംഗീതവും നിർവഹിക്കുന്നു. കെപിഎസി ലളിത, ലാൽ, രണ്‍ജി പണിക്കർ, ചെന്പൻ വിനോദ് ജോസ്, വിനായകൻ, ശേഖർ മേനോൻ, സനുഷ സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. മെയ് യിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും