വിവാഹം കഴിക്കാൻ തനിക്കു പേടിയൊന്നുമില്ലെന്നും സിനിമയിലെത്തുന്നതിനു മുന്പു തന്നെ തനിക്ക് നിറയെ പ്രണയാഭ്യർഥനകൾ വന്നിരുന്നെന്നും എന്നാൽ അവയെല്ലാം ഒഴിവാക്കുകയായിരുന്നുവെന്നും നടി അന്ന രാജൻ. ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ നടിയാണ് അന്ന രാജൻ.
അങ്കമാലി ഡയറീസിലുടെ ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അന്ന ഹിറ്റായത്. സിനിമയ്ക്കു ശേഷം നടി മോഹൻലാലിന്റെ നായികയായി വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് തന്റെ വിവാഹത്തെക്കുറിച്ച് ലിച്ചി തുറന്ന് സംസാരിച്ചത്. സ്വന്തം കാലിൽ നിന്നതിനു ശേഷം മാത്രം വിവാഹം എന്നതാണ് ലിച്ചിയുടെ കാഴ്ചപ്പാട്. അടുത്ത കാലത്ത് ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് നടി വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തുറന്നു പറഞ്ഞത്.
സിനിമയിലെത്തിയതിന് ശേഷം തനിക്ക് മാറ്റം ഒന്നുമുണ്ടായിട്ടില്ലെന്നും അങ്ങനെ തനിക്ക് ഒരിക്കലുംമാറാൻ കഴിയില്ലെന്നുമാണ് അന്ന പറയുന്നത്. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തെപ്പോലെ കരുത്തുറ്റ കഥാപാത്രത്തെയാണ് മോഹൻലാലിന്റെ ചിത്രത്തിലും അവതരിപ്പിക്കുന്നത്. മേരി മിസ് എന്ന കഥാപാത്രമാണ് വെളിപാടിന്റെ പുസ്തകത്തിലെ അന്നയുടേത്.