സംസ്ഥാന പുരസ്കാര ചടങ്ങില്‍ ഞാന്‍ ഉടുത്തത് അമ്മമ്മയുടെ സാരിയാണ്. അച്ഛമ്മയുടെ ബ്രോച്ചായായിരുന്നു മുടിയില്‍ ചൂടിയത്. മനസു കൊണ്ട് ഞാനവരെ ഒപ്പം ചേര്‍ത്തു. പെണ്‍കുട്ടിയെന്ന നിലയില്‍ എന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചതും മുന്നോട്ടു നയിച്ചതുമെല്ലാം അവരായിരുന്നു.
അമ്മമ്മയും അച്ഛമ്മയുമായി ഞാനത്രയ്ക്ക് അടുപ്പമാണ്. അമ്മമ്മ ഇന്ന് ജീവിച്ചിരിപ്പില്ല. അച്ഛമ്മയ്ക്ക് 94 വയസായി. അവാര്‍ഡ് വിവരം പറഞ്ഞാലും ഉള്‍ക്കൊള്ളാനാകാത്ത രീതിയില്‍ മാറിക്കഴിഞ്ഞു.
അവരുടെ കൂട്ടില്ലാതെ ജീവിതത്തിലൊരു നേട്ടവും കൈപ്പറ്റാനാകില്ല. കാരണം ഇരുവരും അത്രമേല്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. കേവലം കാഴ്ചകളും കഥകളും നിറച്ചു തരികയായിരുന്നില്ല അവര്‍.
വ്യക്തമായ കാഴ്ചപ്പാടുകള്‍ പകര്‍ന്നു തരികയായിരുന്നു മനസിനെ പാകപ്പെടുത്താന്‍. ചിരിക്കാനും സ്നേഹിക്കാനും വിമര്‍ശിക്കാനും പ്രശംസിക്കാനുമെല്ലാം എന്നെ പഠിപ്പിച്ചു. ഭാവി ചിട്ടപ്പെടുത്താനുള്ള പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും ലഭിച്ചു കൊണ്ടിരുന്നു. -അന്ന ബെന്‍