കായംകുളം: ജീവിതത്തിലെ കഷ്ടപ്പാടുകളോട് പൊരുതി ഇല്ലായ്മകൾക്ക് നടുവിലും റസലിംഗിൽ സ്വർണമെഡൽ നേട്ടം കൈവരിച്ച അന്ന ആൻ മോൻസി നാടിനാകെ അഭിമാനമായി. നേപ്പാളിൽ നടന്ന യൂത്ത് ഗെയിംസ് ഇന്റർനാഷണൽ പ്രോ ലീഗ് ചാന്പ്യൻഷിപ്പിലാണ് ഇന്ത്യക്കായി അന്ന സ്വർണമെഡൽ നേടിയത്. കായംകുളം നഗരസഭ 36-ാം വാർഡിൽ പുറന്പോക്ക് ഭൂമിയിലെ ചോർന്നൊലിക്കുന്ന ഒരു വീട്ടിലാണ് ഈ സ്വർണജേതാവിന്റെയും കുടുംബത്തിന്റെയും താമസം.
ചോർന്നൊലിക്കുന്ന വീടിന്റെ മേൽക്കൂരയിൽ ടാർപാളിൻ ഷീറ്റ് വലിച്ചു കെട്ടിയിരിക്കുന്നു. മൂന്നു മുതൽ ഏഴു വരെ നേപ്പാളിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിലാണ് റസലിംഗ് 50 കിലോഗ്രാം വിഭാഗത്തിൽ നേട്ടം കൈവരിച്ചത്. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ മലയാളികൂടിയാണ്് അന്ന.
ഡിസംബറിൽ ഗോവയിൽ നടന്ന ദേശീയ തല മത്സരത്തിലും അന്ന വിജയിയായിരുന്നു. ഓപ്പണ്‍ സെലക്ഷൻ വഴിയാണ് അന്ന മത്സരത്തിനുള്ള യോഗ്യത നേടിയത്. ഹോം സയൻസ് വിഭാഗത്തിൽ ബിരുദം നേടിയിട്ടുള്ള അന്ന കായംകുളം ചിറയിൽ വീട്ടിൽ മോൻസി ജോർജ് – ജെസി ദന്പതികളുടെ മകളാണ്.
ട്രെയിനിൽ ഇന്നലെ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തി ചേർന്ന അന്നയ്ക്ക് കായംകുളം നഗരസഭയുടെ നേതൃത്വത്തിൽ പൗര സ്വീകരണം നൽകി. നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, നഗരസഭ കൗണ്‍സിലർമാരായ ഷീബാദാസ്, ഹസൻകോയ, കേശുനാഥ്, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.