റാലേഗൺസിദ്ധി (മഹാരാഷ്ട്ര): ലോക്പാൽ നിയമം നടപ്പാക്കിയില്ലെങ്കിൽ തന്റെ പത്മഭൂഷൺ പുരസ്കാരം തിരികെ നൽകുമെന്ന് ഗാന്ധിയൻ അന്നാഹസാരെ. മോദിസർക്കാർ ജനങ്ങളോട് വിശ്വാസവഞ്ചനകാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജ്യത്തിനു നൽകിയ വാഗ്ദാനങ്ങൾ മോദി സർക്കാർ നിറവേറ്റിയില്ലെങ്കിൽ താൻ പത്മഭൂഷൺ പുരസ്കാരം തിരികെ നൽകും. മോദി വിശ്വാസവഞ്ചനകാട്ടിയിരിക്കുകയാണെന്നും ഹസാരെ പിടിഐ ന്യൂസിനോട് പറഞ്ഞു. ഹസാരെയുടെ നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ സമരത്തിന് പിന്തുണയുമായി ശിവസേന രംഗത്തെത്തി.
ഹമ്മദ്നഗറിലെ ജന്മഗ്രാമമായ റാലേഗൺ സിദ്ധിയിലാണു ഹസാരെ സമരം നടത്തുന്നത്. സമരത്തിന് ഐക്യദാർഢ്യമായി ഗ്രാമവാസികൾ ഞായറാഴ്ച സംസ്ഥാ നപാത ഉപരോധിച്ചു. അഹമ്മദ് നഗർ-പൂന സംസ്ഥാനപാതയിൽ മണിക്കൂറുകളോളം പ്രവർത്തകർ ഗതാഗതം സ്തംഭിപ്പിക്കുകയായിരുന്നു.
ഇതോടെ റോഡിന് ഇരുഭാഗത്തും ആറുകിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ നിരന്നു. അനുനയനീക്കങ്ങൾ പരാജയപ്പെട്ടതോടെ നൂറോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.