കൊച്ചി: വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാനായില്ലെങ്കിൽ ആസ്വദിക്കണമെന്ന ഫേസ്ബുക്ക് കുറിപ്പിൽ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡൻ എംപിയുടെ ഭാര്യ അന്ന ലിൻഡ ഈഡൻ. ഫേസ്ബുക്ക് പോസ്റ്റിൽ തെറ്റിദ്ധാരണയുണ്ടായതിൽ വിഷമമുണ്ടെന്നും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അന്ന പറഞ്ഞു. ഫേസ്ബുക്കിലൂടെ തന്നെയായിരുന്നു അന്നയുടെ ഖേദപ്രകടനം.
മുൻപ് അമിതാഭ് ബച്ചൻ നടത്തിയ പരാമർശം താൻ ആവർത്തിക്കുകയാണ് ചെയ്തത്. ബലാത്സംഗത്തിന് ഇരയായിട്ടുള്ള സ്ത്രീകളെ അപമാനിക്കാൻ ഒരു രീതിയിലും ഉദേശിച്ചിട്ടില്ല. കൊച്ചിയിലെ ആശുപത്രിയിൽ അതീവ ഗുരതരാവസ്ഥയിൽ കഴിയുന്ന അച്ചനെ പരിചരിക്കാൻ ഓടിനടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി വീട്ടിൽ വെള്ളം കയറിയത്. ജീവിതത്തിൽ ഇത്തരം പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാനാണ് ശ്രമിച്ചിട്ടുള്ളത്. തിരിച്ചടികളെ ആഘോഷമാക്കി അതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു ശ്രമം. ആ സാഹചര്യത്തിലാണ് ബച്ചന്റെ പരാമർശം കുറിച്ചതെന്നും അന്ന പറയുന്നു.
വീട്ടില്‍ വെളളം കയറിയതിനെ കുറിച്ച് അന്നയിട്ട പോസ്റ്റാണ് വിവാദമായത്. വിധി ബലാല്‍സംഗം പോലെയാണെന്നും തടുക്കാന്‍ പറ്റിയില്ലെങ്കില്‍ അത് ആസ്വദിക്കണം എന്നുമായിരുന്നു അന്നയുടെ കുറിപ്പ്. വെളളത്തില്‍ കളിക്കുന്നതും, ഭക്ഷണം കഴിക്കുന്നതുമായ വീഡിയോയ്ക്കൊപ്പമായിരുന്നു കുറിപ്പ്. എന്നാൽ പ്രസ്താവന വലിയ വിമർശനമാണ് നേരിട്ടത്. വിവാദമായതോടെ അന്ന പോസ്റ്റ് നീക്കം ചെയ്തു.