കൊച്ചി: നാട്ടാനകളെ പീഡിപ്പിക്കുന്നതിനെതിരേ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. ഇന്നലെ ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടാനകളുടെ പരിപാലനം സംബന്ധിച്ച ഏകോപന സമിതിയാണ് നടപടികൾക്കു രൂപം നൽകിയത്.
കാക്കനാട് പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കാലിൽ പഴുപ്പുനിറഞ്ഞ വ്രണവുമായി ആനയെ എഴുന്നള്ളിച്ചതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കളക്ടർ സമിതിയുടെ അടിയന്തരയോഗം വിളിച്ചത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആശ സനിലും യോഗത്തിൽ പങ്കെടുത്തു. പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ എഴുന്നള്ളിച്ച ആനയെ നേരിട്ടു പരിശോധിക്കാതെയാണ് വെറ്ററിനറി സർജനായ ഡോ. ഏബ്രഹാം തരകൻ സർട്ടിഫിക്കറ്റ് നൽകിയതെന്ന് സമിതിക്ക് ബോധ്യപ്പെട്ടു.
സർക്കാർ വെറ്ററിനറി സർജനല്ലാത്ത ഏബ്രഹാം തരകൻ ഇത്തരത്തിൽ ചട്ടവിരുദ്ധമായി സർട്ടിഫിക്കറ്റ് നൽകിയതിനെക്കുറിച്ച് അന്വേഷിക്കാൻ സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്സർവേറ്ററെ ചുമതലപ്പെടുത്തി.
ആനകളെ പരിശോധിക്കാതെ മുന്പും സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിൽ വെറ്റിനറി മെഡിക്കൽ കൗൺസിൽ വരുന്ന ആറിന് ഡോ. ഏബ്രഹാം തരകന്റെ ഹിയറിംഗ് നടത്തും. ജില്ലയിൽ ഈ ഉത്സവ സീസണിൽ ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കോടനാട്ടുള്ള വനം വകുപ്പിന്റെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാർക്കു മാത്രമാണ് അധികാരമെന്നും കളക്ടർ വ്യക്തമാക്കി.
അടുത്ത സീസൺ മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി അഞ്ച് സർക്കാർ വെറ്ററിനറി ഡോക്ടർമാരടങ്ങിയ പാനലിനു രൂപം നൽകും. 15 ദിവസമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ സാധുത.ആനകളെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതിൽ വേനൽക്കാലത്തെ കനത്ത ചൂട് കണക്കിലെടുത്ത് നിയന്ത്രണമേർപ്പെടുത്താനും യോഗം തീരുമാനിച്ചു.
രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയിൽ ആനകളെ നടത്തിയോ വാഹനത്തിലോ കൊണ്ടുപോകുന്നത് അനുവദിക്കില്ല. വൈകുന്നേരം ആറിനും രാവിലെ ആറിനും ഇടയിൽ മാത്രമേ ആനകളുടെ നീക്കം അനുവദിക്കുകയുള്ളൂ. തീരുമാനം നടപ്പിൽ വരുത്താൻ പോലീസ്, വനം വകുപ്പുകൾ രംഗത്തുണ്ടാകും.