സിജോ പൈനാടത്ത്
കൊച്ചി: എന്നെ ഒന്നു കടല്‍ കാണിച്ചു തരോ? റോയിക്കൊപ്പം ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ ജെസിയുടെ നിഷ്കളങ്കമായ ചോദ്യം.
നാട്ടിന്പുറത്തുകാരി ജെസിയുടെ ആഗ്രഹത്തിനപ്പുറം, പുതിയ തീരങ്ങളും ആകാശങ്ങളും കൊതിക്കുന്ന പെണ്‍മനസുകളുടെ വിമോചനദാഹംകൂടി ആ ചോദ്യത്തിലുണ്ടായിരുന്നു.
കടല്‍ കണ്ടും കുസൃതിച്ചിരിയിലൂടെ സ്വപ്നങ്ങള്‍ക്കു നിറം പകര്‍ന്നും ‘കപ്പേള’സിനിമയില്‍ നിറഞ്ഞുനിന്ന ജെസിയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരം.
ജെസിയെന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയത് യുവനടി അന്ന ബെന്‍.
2020 മാര്‍ച്ചില്‍ ഏതാനും നാള് തിയറ്ററിലും തുടർന്ന് ഒടിടി പ്ലാറ്റ്ഫോമിലും സിനിമയ്ക്കു ലഭിച്ച വലിയ സ്വീകാര്യതയ്ക്കു പിന്നില്‍ അന്ന ബെനിന്റെ ജെസിയുടെ പ്രകടനംതന്നെ.
കടല്‍ കണ്ടിട്ടില്ലാത്ത, സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത തനി നാട്ടിന്‍പുറത്തുകാരിയായ ജെസിയെ സിനിമാപ്രേക്ഷകര്‍ ഏറ്റെടുത്തു.
വയനാട്ടിലെ കൂലിപ്പണിക്കാരനായ പിതാവിന്റെ മകളായ ജെസിയുടെ ജീവിതത്തിലെ നിഷ്കളങ്ക മുഹൂര്‍ത്തങ്ങളും പ്രണയവും സിനിമ വ്യത്യസ്തമായി ആവിഷ്കരിച്ചു.
ദേശീയ പുരസ്കാരജേതാവും നടനുമായ മുഹമ്മദ് മുസ്തഫയാണു ‘കപ്പേള’യുടെ സംവിധായകൻ.
പ്രമുഖ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളായ അന്ന, അധികം സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല.
എന്നാൽ അഭിനയിച്ചതത്രയും നായികാപ്രാധാന്യമുള്ള സിനിമകളാണ്. അന്നയുടെ മൂന്നാമത്തെ സിനിമയാണു ‘കപ്പേള’.
2019ല്‍ പുറത്തിറങ്ങിയ ജനപ്രിയ സിനിമയായ കുമ്പളങ്ങി നൈറ്റ്സ് ആണ് ആദ്യസിനിമ. ഇതിലെ ബേബിമോള്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി.
കപ്പേള ഇറങ്ങിയ അതേ വര്‍ഷംതന്നെ തിയറ്ററുകളിലെത്തിയ ഹെലനിലും അന്ന ശ്രദ്ധിക്കപ്പെട്ടു.
ഇതിലെ കഥാപാത്രം 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് പ്രത്യേക ജൂറി പരാമര്‍ശം നേടിയിരുന്നു. സാറാസ് ആണ് അന്നയുടെ അവസാനമായി റിലീസായ സിനിമ.
പുരസ്കാരവിവരമറിയുമ്പോള്, വൈശാഖന് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു അന്ന ബെന്‍.
സഹതാരങ്ങളായ ഇന്ദ്രജിത്തും റോഷന് മാത്യുവും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം, അന്നയുടെ കുടുംബാംഗങ്ങളും ആലുവയിലെ ലൊക്കേഷനില്‍ ഒരുക്കിയ ആഘോഷച്ചടങ്ങില്‍ പങ്കുചേര്‍ന്നു.
ചിത്രീകരണം പൂര്‍ത്തിയായ ആഷിക് അബുവിന്റെ നാരദനിലും അന്ന അഭിനയിച്ചിട്ടുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ഫാഷന്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈനറില്‍ ബിരുദധാരിയാണ് 26കാരിയായ അന്ന ബെന്‍.
പ്രതീക്ഷിക്കാതെഎത്തിയ പുരസ്കാരം: അന്ന ബെന്‍
കൊച്ചി: പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ അന്ന ബെന്‍. കപ്പേള എന്ന മികച്ച സിനിമ ചെയ്യാനായതില്‍ അഭിമാനമുണ്ട്.
തിയറ്ററില്‍ ആളുകള്‍ കാണമെന്ന് ആഗ്രഹിച്ചെങ്കിലും കോവിഡ് മൂലം സാധിച്ചില്ല. എങ്കിലും ഒടിടിയില്‍ അനേകം പേര് കണ്ടു.
മികച്ച പ്രതികരണം കിട്ടി. ഇപ്പോള്‍ കിട്ടിയ പുരസ്കാരം കപ്പേള ടീമിന് സമര്‍പ്പിക്കുന്നു. അപ്പ (തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം) എല്ലാ കാര്യത്തിലും നല്കുന്ന ഉപദേശങ്ങള്‍ വലിയ പ്രചോദനമാണെന്നും അന്നാ ബെന്‍ പറഞ്ഞു.