ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും അവരുടെ ആശ്രിതർക്കും എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ വിഭവ സമൃദ്ധമായ ഭക്ഷണം നല്കുന്ന സംഘടന ആറു വർഷം പൂർത്തീകരിക്കുകയാണ്. ആലുവ സെന്റ് ഡൊമിനിക് ദേവാലയത്തിലെ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയ അന്നദാനത്തിന്റെ ആറാം വാർഷികാഘോഷം സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവും എംഎൽഎ അൻവർ സാദത്തും ചേർന്നു നിർവഹിച്ചു.
ആലുവ സെന്റ് ഡൊമിനിക്സ് പള്ളി വികാരി ഫാ. ജോണ് തെക്കന്റെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ സിനിമാ നടൻ സത്താർ മുഖ്യാതിഥിയായിരുന്നു. സെന്റ് ഡൊമിനിക് പള്ളിയിലെ മുൻ പാരീഷ് വൈസ് ചെയർമാൻ ഫ്രാൻസിസ് മൂത്തേടൻ സെക്രട്ടറിയായും പി.പി. ചിന്നൻ, പോളച്ചൻ പയ്യപ്പിള്ളി, സോണി പാറേക്കാടൻ എന്നിവർ അടങ്ങുന്ന സംഘടനയാണ് എല്ലാ ഞായറാഴ്ചകളിൽ ഇരുനൂറോളം പേർക്ക് വിഭവ സമൃദ്ധമായ സദ്യ നല്കുന്നത്.
ഇടവക പള്ളിയിലെ കുടുംബാംഗങ്ങളുടെയും സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ടാണ് സംഘടനാ പ്രവർത്തിക്കുന്നത്. ചടങ്ങിൽ മുൻ മുനിസിപ്പൽ ചെയർമാൻ എം.ടി. ജേക്കബ്, സിപിഐ മണ്ഡലം സെക്രട്ടറി എം. ഷംസുദ്ദീൻ, ജോബി ജോസഫ്, ചിന്നമ്മ, പോൾ , ഓമന, ലിസമ്മ പോൾ തുടങ്ങിയവർ പങ്കെടുത്തു.