കുമളി: മക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവിതത്തിൽനിന്നു വിടപറഞ്ഞ കുമളി സ്വദേശിനി അന്നക്കുട്ടി(76)ക്ക് നാട് കണ്ണീരോടെ യാത്രൊമൊഴി ചൊല്ലി. ചടങ്ങിനെത്തിയ മകൻ കാഴ്ചക്കാരനായി അന്ത്യാഞ്ജലി നടത്തി മടങ്ങി.
അന്നക്കുട്ടിയുടെ സംസ്കാരം ഇന്നലെ വൈകുന്നേരം കുമളി സെന്റ് തോമസ് ഫെറോന പള്ളിയിലാണ് നടന്നത്. ജില്ലാ കളക്ടർ ഷീബാ ജോർജ് , സബ് കളക്ടർ അരുണ്.എസ്. നായർ എന്നിവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് പുഷ്പചക്രവും ആദരാഞ്ജലിയും അർപ്പിച്ചു. കുമളി പോലീസാണ് ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കുമളി ബസ് സ്റ്റാൻഡിൽ ഭൗതികശരീരം പൊതു ദർശനത്തിനുവച്ചു. പോലീസിന്റെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിദ്ധിക്, വാർഡ് മെംബർ ജയമോൾ , പൊതുപ്രവർത്തകർ എന്നിവരുടെ മേൽനോട്ടത്തിലാണ് പൊതുദർശനം ക്രമീകരിച്ചത്.
പള്ളിയിലെ സംസ്കാരച്ചടങ്ങുകൾക്ക് ഫാ. ജോർജ് കളപ്പുരക്കൽ മുഖ്യ കാർമികത്വം വഹിച്ചു. വികാരി റവ.ഡോ. തോമസ് പൂവത്താനിക്കുന്നേൽ, അസി. വികാരി ഫാ. ജോസ് വേലിക്കകത്ത് എന്നിവരും സംസ്കാരശുശ്രൂഷകളിൽ പങ്കെടുത്തു.
വെള്ളിയാഴ്ചയാണ് നാട്ടുകാരുടെ പരാതിയെത്തുടർന്ന് അന്നക്കുട്ടിയെ കുമളി സിഐ ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ ആശുപത്രിയിലാക്കിയത്. ആദ്യം കുമളി, പീരുമേട് ആശുപത്രികളിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും അന്നക്കുട്ടി ശനിയാഴ്ചയാണ് മരിച്ചത്.
സ്വത്തു വിറ്റുകിട്ടിയ പണം കൈക്കലാക്കിയ ശേഷം മക്കൾ അന്നക്കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. അന്നക്കുട്ടിയെ സംരക്ഷിക്കാത്ത മക്കൾക്കെതിരേ കേസെടുക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.