പയ്യന്നൂര്‍: അന്നമ്മ ചാക്കോയുടെ നിര്യാണത്തോടെ മലയോര മേഖലയ്ക്ക് നഷ്ടമായത് ആയിരത്തോളം കുഞ്ഞുങ്ങളെ ഭൂമിയിലേക്ക് നയിച്ച പ്രസവ ശുശ്രൂഷ വിദഗ്ധയെ.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അന്നമ്മയുടെ അന്ത്യം. മലയോര കുടിയേറ്റ മേഖലകളിലൊന്നായ കാര്യപ്പള്ളിയിലും പെരുവാമ്പയുള്പ്പെടെയുള്ള സമീപപ്രദേശങ്ങളിലും ചട്ടയും മുണ്ടും വെന്തീഞ്ഞയും നേര്യതും കാതിലെ മേക്കാമോതിരവുമായി കുടയും ചൂടി പ്രസവമെടുക്കാനായി വീടുകള്‍തോറും കയറിയിറങ്ങിയ അന്നമ്മ ഒരുകാലത്ത് നാടിന്റെ പുണ്യമായിരുന്നു.
ഇവരുടെ വേർപാടോടെ ആദ്യകാല കുടിയേറ്റ കര്‍ഷകരുടെ ത്യാഗോജ്വല ജീവിതത്തിന്റെ അവശേഷിപ്പുകൂടിയാണ് നഷ്ടമാകുന്നത്.
1963ലാണ് കോട്ടയം മുത്തോലിയിൽനിന്ന് ചാക്കോയും കുടുംബവും കാര്യപ്പള്ളിയിലേക്ക് കുടിയേറിയത്.
കാടിനോടും കാട്ടുമൃഗങ്ങളോടും പടപൊരുതി മണ്ണില്‍ കനകം വിളയിക്കാനുള്ള പ്രയത്നങ്ങള്‍ക്കിടയില്‍ പ്രസവത്തോടെ അമ്മയും കുഞ്ഞും മരിക്കുന്ന സംഭവങ്ങളാണ് അക്കാലത്തുണ്ടായിരുന്നത്.
ആശുപത്രികളും ഡോക്ടര്‍മാരും ഗതാഗത സൗകര്യമുള്ള റോഡും അപ്രാപ്യമായിരുന്ന മലയോരമേഖലയ്ക്ക് അനുഗ്രഹമായി മാറുകയായിരുന്നു പ്രസവശുശ്രൂഷയില്‍ വൈദഗ്ധ്യമുള്ള അന്നമ്മ ചേടത്തി.
കാര്യപ്പള്ളിയിലും പെരുവാമ്പയിലും പരിസരങ്ങളിലുമായി സങ്കീര്‍ണാവസ്ഥയിലുള്ള പ്രസവങ്ങളുള്പ്പെടെ ആയിരത്തിലധികം പ്രസവമെടുത്ത് നാടിന്റെ മാലാഖയായി മാറുകയായിരുന്നു അന്നമ്മ ചേടത്തി.
അര നൂറ്റാണ്ട് പിന്നിട്ട മലബാര്‍ കുടിയേറ്റ ചരിത്രത്തിലെ ഒരേടുകൂടിയായിരുന്നു ഇവരുടെ ജീവിതം.
മലയോരമേഖലയുടെ മുഖഛായ മാറ്റിയ തിരുവിതാംകൂറില്‍നിന്നുള്ള കുടിയേറ്റകാലത്ത് ഭര്‍ത്താവ് ചാക്കോയുടെ കൈപിടിച്ച് ആറുമക്കളേയും കൂട്ടി കണ്ണൂരിലേക്കുള്ള തീവണ്ടി കയറിയതാണ്.
റോഡവസാനിക്കുന്ന മാതമംഗലത്തുനിന്ന് കാര്യപ്പള്ളിവരെ തലച്ചുമടും മക്കളുമായുള്ള 15 കിലോമീറ്ററോളം യാത്ര.
പിന്നീട് കാര്യപ്പള്ളിയിലെ വനത്തിനുള്ളില്‍ കെട്ടിയുണ്ടാക്കിയ ഓലപ്പുരയില്‍ കുറുനരികളുടെയും കാട്ടുപന്നികളുടെയും അലര്‍ച്ചകള്‍ക്കിടയില്‍ മക്കളേയും ഭയത്തേയും കെട്ടിപ്പിടിച്ചുള്ള രാത്രികള്‍. കപ്പയും തൈലപ്പുല്ലുമായിരുന്നു കൃഷിയിറക്കിയത്.
അതിനിടയിലാണ് പരിചയക്കാരിയായ സ്ത്രീ പേറ്റുനോവുകൊണ്ട് പുളയുന്ന വിവരമറിഞ്ഞത്. ഇതറിഞ്ഞ അന്നമ്മ മക്കളെ വീട്ടിലാക്കി ഒരു ഓട്ടമായിരുന്നു.
സ്വന്തം കുടുംബത്തിലെ ഏതാണ്ട് 36 ലധികം പ്രസവമെടുത്തതിന്റെ അനുഭവസമ്പത്തുള്ള അന്നമ്മ എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ച് ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്നു പിടയുന്ന രണ്ടു ജീവനുകള്‍ക്ക് നടുവില്‍ വയറ്റാട്ടിയുടെ കര്മമേറ്റെടുക്കുകയായിരുന്നു. എന്നാല്‍ ആ പ്രസവം ഉദ്ദേശിച്ചപോലെ അത്ര എളുപ്പമല്ലായിരുന്നു.
സങ്കീര്‍ണമായ അവസ്ഥയില്‍ അറ്റകൈ പ്രയോഗമായി തീയില്‍ ചട്ടുകം ചൂടാക്കി പുറത്തേക്കുവന്ന മറുപിള്ളയില് വച്ചുകൊടുത്തു.
ചൂടേറ്റു അല്പനേരം കഴിഞ്ഞ് പുറത്തേക്കു വന്ന കുഞ്ഞിന് പക്ഷെ ഹൃദയമിടിപ്പ് ഇല്ലായിരുന്നു. ഉടന്‍ പപ്പായയുടെ ഇലത്തണ്ട് മുറിച്ച് കുഞ്ഞിന്റെ വായില്‍ വച്ച് കൃതിമ ശ്വാസം നല്കി.
കുറേനേരം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ശ്വാസമെടുത്ത് ഉറക്കെ കരയാന്‍ തുടങ്ങിയപ്പോഴാണ് അന്നമ്മച്ചേടത്തിക്കും ശ്വാസം നേരെ വീണത്. അതിസങ്കീര്‍ണതയെ അതിജീവിച്ച ആദ്യവിജയം.
അന്നമ്മ എന്ന കുടിയേറ്റക്കാരിയെക്കുറിച്ചും അവര്‍ പ്രസവമെടുത്ത കഥയും നാട്ടില്‍ പാട്ടായതോടെ പിന്നീടുള്ള ആയിരത്തോളം പ്രസവമെടുക്കലിന്റെ തുടക്കമായി മാറുകയായിരുന്നു.
കുറെ ഒറ്റമൂലികളും അന്നമ്മ ചേടത്തിക്കറിയാമായിരുന്നു. ഒരൊറ്റ ദിവസം തന്നെ നാലും അഞ്ചും പ്രസവങ്ങള്‍ എടുത്ത ചരിത്രം വരെയുണ്ട്.
കാര്യപ്പള്ളി, പെരുവാമ്പ, വെള്ളോറ, പെടേന എന്നിങ്ങനെ സമീപപ്രദേശങ്ങളിലെ പത്തോളം ഗ്രാമങ്ങളിലാണ് അവര്‍ ചെരിപ്പുപോലുമില്ലാതെ പതിവായി സഞ്ചരിച്ചിരുന്നത്.
മണ്ണെണ്ണ വിളക്കിന്റെ നേര്‍ത്ത വെളിച്ചം മാത്രമായിരുന്നു പ്രസവമുറികളില്‍ ഉണ്ടായിരുന്നത്.
അന്നമ്മ ചേടത്തിയുടെ നിസ്തുലസേവനം സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബര്‍ 11 ന് ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നാടിന് നൽകിയ നിസ്തുല സേവനം മുൻനിർത്തി പെരുവാമ്പയിലെ സാമൂഹ്യപ്രവര്‍ത്തകനായ എന്‍.പി. വിനീഷ് നേതൃത്വം നൽകുന്ന പൊതുജന കൂട്ടായ്മയായ “നാട്ടുപെരുമ’ അന്നമ്മ ചേടത്തിയെ ആദരിച്ചിരുന്നു.
മൂന്നുമാസം മുമ്പുള്ള ഈ ആദരിക്കലായിരുന്നു നൂറിന്റെ നിറവിലേക്കെത്തിക്കൊണ്ടിരുന്ന അന്നമ്മ ചേടത്തിക്ക് ലഭിച്ച ബഹുമതിയും.
ആധുനിക ചികിത്സാരംഗം വികാസം പ്രാപിച്ചതോടെ പൂര്‍ണമായും വിസ്മൃതിയിലാണ്ടുപോയ ചികിത്സാപാരമ്പര്യത്തിന്റെയും സംസ്കൃതിയുടെയും അത്യപൂര്‍വ അവശേഷിപ്പുകള്കൂടിയാണ് അന്നമ്മ ചേടത്തിയുടെ വിയോഗത്തോടെ നഷ്ടമായത്.