പയ്യന്നൂര്‍: മലയോരമേഖലയിലെ ആദ്യകാല പ്രസവ ശുശ്രൂഷാ വിദഗ്ധയായ അന്നാമ്മ ചാക്കോയ്ക്ക് നാട്ടുകൂട്ടായ്മയുടെ ആദരം.
കണ്ണൂര്‍ ജില്ലയിലെ കുടിയേറ്റമേഖലകളിലൊന്നായ കാര്യപ്പള്ളിയിലും പെരുവാമ്പയുള്പ്പെടെയുള്ള സമീപ പ്രദേശങ്ങളിലുമായി ആയിരത്തിലധികം പ്രസവമെടുത്ത് ജനഹൃദയങ്ങളില്‍ കുടിയേറിയ അന്നാമ്മ ചാക്കോയെയാണ് പെരുവാമ്പയിലെ പൊതുജന കൂട്ടായ്മയായ “നാട്ടുപെരുമ’ ആദരിച്ചത്.
ആശുപത്രികളും ഡോക്ടര്‍മാരും മലയോരമേഖലയ്ക്ക് അപ്രാപ്യമായിരുന്ന 1963ലാണ് കോട്ടയം മുത്തോലി സ്വദേശിനിയായ അന്നാമ്മയും കുടുംബവും കാര്യപ്പള്ളിയിലേക്ക് കുടിയേറിയത്.
അക്കാലത്ത് പ്രസവമെടുക്കുന്ന ഡോക്ടറും ക്ലിനിക്കും ഉണ്ടായിരുന്നത് 35 കിലോമീറ്ററോളം അകലെയുള്ള പയ്യന്നൂരിലായിരുന്നു.
ഗതാഗതസൗകര്യമുള്ള റോഡും വാഹനസൗകര്യങ്ങളുമില്ലാത്തതിനാല് പേറ്റുനോവനുഭവിക്കുന്നവര്ക്ക് വൈദ്യസഹായം ലഭ്യമാക്കാനും കഴിയുമായിരുന്നില്ല.
കാടിനോടും കാട്ടുമൃഗങ്ങളോടും പടപൊരുതി മണ്ണില്‍ കനകം വിളയിക്കാനുള്ള പ്രയത്നങ്ങള്‍ക്കിടയില്‍ പ്രസവത്തോടെ അമ്മയും കുഞ്ഞും മരിക്കുന്ന സംഭവങ്ങളും അക്കാലത്ത് പതിവായിരുന്നു.
ഈയൊരു ഘട്ടത്തിലായിരുന്നു സങ്കീര്‍ണാവസ്ഥയിലുള്ള പ്രസവങ്ങള്‍ കൈകാര്യം ചെയ്യാനുതകുന്ന നാടന്‍ മരുന്ന് പ്രയോഗങ്ങളും പാരമ്പര്യ ചികിത്സാരീതികളും ഹൃദിസ്ഥമാക്കിയിരുന്ന അന്നാമ്മ ചേടത്തി ഒരു ചരിത്രനിയോഗംപോലെ കാര്യപ്പള്ളി എന്ന കുഗ്രാമത്തില്‍ എത്തുന്നത്.
പേറ്റുനോവുയരാന് തുടങ്ങുമ്പോഴേക്കും വിവരമറിഞ്ഞ് ഓടിയെത്തുന്ന അന്നാമ്മ ഗ്രാമീണരുടെ കണ്‍കണ്ട ദൈവമായി മാറാന്‍ അധികം താമസമുണ്ടായില്ല.
പേറ്റിച്ചി, മലി തുടങ്ങിയ നാടന്പേരുകളില് അറിയപ്പെട്ടിരുന്ന “വയറ്റാട്ടി’ മലയോരജനതയുടെ അവിഭാജ്യഘടകമായി മാറിയതോടെ ആ പ്രദേശത്തിന്റെ കുടിയേറ്റ ചരിത്രത്തില്‍ മറ്റൊരേടുകൂടിയായി മാറുകയായിരുന്നു അന്നാമ്മ ചേടത്തിയുടെ ജീവിതം.
നൂറിന്റെ നിറവിലെത്തിയ അന്നാമ്മയുടെ ഓര്‍മകളില്‍ പ്രസവവീടുകള്തോറും കയറിയിറങ്ങിയുള്ള ഈ പ്രയാണത്തിനിടയിലെ പല സംഭവങ്ങളും ഇപ്പോഴും ഒളിമങ്ങാതെ കിടപ്പുണ്ട്.
ഒരു കുടുംബത്തില്‍ നിന്നു മാത്രം 11 കുട്ടികളെ പ്രസവത്തിലൂടെ എടുത്തതും മറ്റൊരു വീട്ടില്‍ ഒന്‍പത് കുട്ടികളെ എടുത്തതും ഒരേസമയം ഒന്നിലധികം വീടുകളിലോടിയെത്തി മാറിമാറി പ്രസവമെടുത്തതും അന്നാമ്മയുടെ ഓര്‍മയിലുണ്ട്. ഒരൊറ്റ ദിവസംതന്നെ അഞ്ചു പ്രസവങ്ങള്‍ വരെയെടുത്ത സംഭവങ്ങളും അവര്‍ ഓര്‍ത്തെടുക്കുന്നു.
അക്കാലത്ത് എങ്ങനെയാണ് ഇതൊക്കെ സാധിച്ചതെന്നു ചോദിച്ചാല്‍ എല്ലാം ഒരു നിമിത്തമാണെന്ന മറുപടിയും.
പരമ്പരാഗത ക്രൈസ്തവവേഷമായ ചട്ടയും മുട്ടും വെന്തീഞ്ഞയും നേര്യതും കാതിലെ മേക്കാമോതിരവും കാലയവനികയില്‍ മറഞ്ഞുകൊണ്ടിരിക്കുമ്പോഴും കാര്യപ്പള്ളിക്കാരുടെ മനസില്‍ അന്നേ കുടിയേറിയതാണ് ഈ വേഷവും ധരിച്ച് കുടയും ചൂടി മുറുക്കിത്തുപ്പി നടന്നിരുന്ന അന്നാമ്മ ചേടത്തി.
പെരുവാമ്പയിലെ പൊതുജന കൂട്ടായ്മയായ “നാട്ടുപെരുമ’ കാര്യപ്പള്ളിയിലെ വീട്ടിലെത്തിയാണ് അന്നാമ്മ ചാക്കോയെ ആദരിച്ചത്.
എന്‍. പി. വിനീഷ് അധ്യക്ഷത വഹിച്ചു. എന്‍.പി. ലക്ഷ്മണന് പൊന്നാട അണിയിച്ചു. രഘു മണിയറ മെമെന്റോയും സിദ്ദീഖ് കണ്ണൂര്‍ ഉപഹാരവും നല്കി. ഇ. സാവിത്രി, കെ.വി. അജിത, സി.സി. ശാന്തകുമാരി, ഷീന, ശില്പ, പി. ഭാസ്കരന് എന്നിവര്‍ പങ്കെടുത്തു.