കരിങ്കുന്നം: മണ്ണിനെയും കൃഷിയെയും പ്രകൃതിയുടെ നാഥനെയും സ്നേഹിച്ച് കൊതിതീരാത്ത ജീവിതം. കഠിനാധ്വാനത്തിന്റെ ശീലുകൾ പാടിപ്പതിഞ്ഞ അധരങ്ങൾ.
ലാളിത്യം, ദൈവാശ്രയത്വം, അടുക്കും ചിട്ടയുമുള്ള ജീവിതം അതാണ് കരിങ്കുന്നം പൈന്പിള്ളിൽ ജോസഫ് (98), അന്നമ്മ (95) ദന്പതികളുടെ പ്രത്യേകതയും വിജയരഹസ്യവും.
പ്രായം ശതാബ്ദിയോടടുക്കുന്പോഴും ഒരുമിച്ചുള്ള ജീവിതം 77 വർഷം പിന്നിടുന്ന ഇരുവരുടെയും ചുറുചുറുക്കിന്റെ രഹസ്യം എന്തെന്നു ചോദിച്ചാൽ ചെറുതായൊന്നു ചിരിക്കും. ആ ചിരിയിൽ എല്ലാമുണ്ട്, പുതിയ തലമുറയ്ക്കു പഠിക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ.
പഴയകാല ജീവിതത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോൾ തികഞ്ഞ ആത്മസംതൃപ്തിയും സന്തോഷവും ജോസഫ് ചേട്ടന്റെ മുഖത്ത് പ്രതിഫലിച്ചു.
പുലർച്ചെ 5.30ന് ഉണരും. പിന്നെ കുറെനേരം പ്രാർത്ഥന. അതിനുശേഷം പത്രവായന. അതിൽ ഇരുവരും ഒന്നിനൊന്നുമെച്ചം. അത് ദീപികയായിരിക്കണം എന്നത് നിർബന്ധമാണ്.
പിന്നെ പശു കറവയും ചായകുടിയും കഴിഞ്ഞ് കൃഷിയിടത്തിലേക്ക്. രാമപുരത്തെ തറവാട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. അന്ന് അഞ്ചേക്കർ പാടമുണ്ടായിരുന്നു. മാറ്റാൾ പണിയായിരുന്നു അന്ന് നിലവിലിരുന്നത്.
അയൽക്കാരായ ചീങ്കല്ലേൽ കോട്ടിരി കുടുംബക്കാർക്കും അഞ്ചേക്കർ പാടം വീതം ഉണ്ടായിരുന്നു. അവർ ഒരേർ കാളയും ആളുമായി വന്ന് പാടം ഉഴുതാൻ സഹായിച്ചിരുന്നു.
കൊയ്ത്തും മെതിയുമെല്ലാം ഇങ്ങനെയായിരുന്നു നടത്തിയിരുന്നത്. മൂന്നാം കൃഷി ഇറക്കിയിരുന്നത് തേക്കുകൊട്ടയ്ക്ക് നനച്ചായിരുന്നു. രാമപുരത്തുനിന്ന് കുത്താട്ടുകുളം റൂട്ടിൽ 150 മീറ്റർ പോയാൽ മാർക്കറ്റ് ഉണ്ടായിരുന്നു.
തലച്ചുമടായാണ് സാധനങ്ങൾ മാർക്കറ്റിൽ എത്തിച്ചിരുന്നത്. വീതി കുറഞ്ഞ മണ്റോഡ് മാത്രമാണ് അന്നുണ്ടായിരുന്നത്.1923 ലായിരുന്നു ജോസഫിന്റെ ജനനം.
പിഴക് ആലനോനിക്കൽ അവിര അന്നമ്മ ദന്പതികളുടെ മകൾ അന്നമ്മയുമായുള്ള വിവാഹം 1944 ലായിരുന്നു. രാമപുരം സെന്റ് അഗസ്റ്റിൻസ് പള്ളിയിലായിരുന്നു വിവാഹം.
22 ഉം 19 ഉം വയസായിരുന്നു ഇരുവർക്കും ഉണ്ടായിരുന്നത്. ചട്ടയും മുണ്ടും നേര്യതുമായിരുന്നു വധുവിന്റെ വേഷം. കൈ നീളൻ ഷർട്ടും ഒറ്റമുണ്ടുമായിരുന്നു ജോസഫ് ധരിച്ചിരുന്നത്.
വിവാഹത്തിന് നടന്നാണ് പള്ളിയിലേക്ക് പോയത്. വിവാഹത്തിനു ശേഷം നടന്ന സദ്യയിൽ 170 ഓളം പേർ പങ്കെടുത്തിരുന്നു. തൂശനിലയിലായിരുന്നു ഉൗണ്. ശർക്കരയും തേങ്ങയുമായിരുന്നു മധുരം വച്ചതെന്ന് പറയുന്പോൾ ഇരുവരുടേയും മുഖത്ത് ചെറുപുഞ്ചിരി.
സ്വർണവും ചക്രവുമാണ് സ്ത്രീധനമായി ലഭിച്ചത്. അന്നത്തെ അരചക്രം അന്നമ്മയമ്മച്ചി ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.
തേക്കിൻ തടിയിൽ നിർമിച്ച മൂന്നടി നീളവും രണ്ടടി വീതിയുമുള്ള വിവിധ അറകളുള്ള പെട്ടിയും നെല്ലുപുഴുങ്ങാനുള്ള ചെന്പുമെല്ലാം ലഭിച്ചിരുന്നു.74 വർഷംമുന്പാണ് ജോസഫും അന്നമ്മയും രാമപുരത്തുനിന്ന് കരിങ്കുന്നത്ത് എത്തിയത്.
ഇവിടെ കൃഷി ചെയ്യുന്നതിനായി സ്ഥലം വാങ്ങിയതിനെത്തുടർന്നാണ് കരിങ്കുന്നത്തേക്ക് പോന്നത്. ഇഞ്ചി, കപ്പ, തെങ്ങ്, കമുക്, ഫല വൃക്ഷങ്ങൾ തുടങ്ങിയവയെല്ലാം കൃഷിചെയ്യാൻ ജോസഫ് ചേട്ടനൊപ്പം അന്നമ്മയമ്മച്ചിയുമുണ്ടായിരുന്നു.
ജോസഫ് അന്നമ്മ ദന്പതികൾക്ക് രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളുമാണുള്ളത്. ഇതിൽ ഫ്രാൻസിസ്, സെലിൻ എന്നിവർ അമേരിക്കയിലാണ്.
ഏലിയാമ്മ തിരുമാറാടി ഗവ.എച്ച്എസ്എസ് റിട്ട. പ്രിൻസിപ്പലാണ്. മുൻ കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റായ പി.ജെ. അവിരയാണ് മാതാപിതാക്കൾക്കൊപ്പമുള്ളത്. ഭാര്യ ആനീസ്. മൂന്നുമക്കളുണ്ട്.
മൂന്നു തലമുറകളെ കാണാൻ ഭാഗ്യം ലഭിച്ച ജോസഫ് അന്നമ്മ ദന്പതികൾക്ക് ഇപ്പോഴും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. ഇരുവരുടേയും കാഴ്ചയും മങ്ങിയിട്ടില്ല.
ജോസഫ് ചേട്ടന് ഒരു ചെവിയുടെ കേൾവിക്ക് അൽപം കുറവുണ്ടെന്നു മാത്രം. ടെൻഷൻമൂലം ജീവിതത്തിലെ നല്ല ദിനങ്ങൾ നഷ്ടപ്പെടുത്തരുതെന്നാണ് ഇരുവർക്കും പറയാനുള്ളത്.
ഉള്ളു തുറന്ന് ചിരിക്കാനും സംസാരിക്കാനും ഒപ്പം നാടൻഭക്ഷണവും കർമ നിരതമായ ജീവിതവും കൂടിയുണ്ടെങ്കിൽ ആരോഗ്യം കൂടപ്പിറപ്പായി ഉണ്ടാകുമെന്നാണ് ഇവരുടെ പക്വതയാർന്ന നിരീക്ഷണം.