പുതുക്കാട്: മകന്റെ രോഗാവസ്ഥ മാതൃസ്നേഹം കൊണ്ട് സുഖപ്പെടുത്താൻ നിരന്തരം ശ്രമിച്ച വൃദ്ധമാതാവിനെയാണ് മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
വരന്തരപ്പിള്ളിയിൽ മകന്റെ കൈകൊണ്ട് മരണമടഞ്ഞ എൽസിക്ക് എന്നുംഅവനോടൊപ്പം കഴിയാനായിരുന്നു ഇഷ്ടം.
മാനസികനില തെറ്റിയ ജോർജ് പലതവണ എൽസിയെ ആക്രമിച്ചിട്ടുണ്ടെങ്കിലും മകനെ വിട്ടുപിരിഞ്ഞിരിക്കാൻ ആ അമ്മ ഒരിക്കലും കൂട്ടാക്കിയിരുന്നില്ല.
പലപ്പോഴും ജോർജിനു രോഗം മൂർച്ഛിക്കുന്പോൾ അമ്മയുടെ നേരെയായിരുന്നു ആക്രമണം. ഈ സമയത്തെല്ലാം സമീപത്തെ വീടുകളിൽ അഭയം തേടുകയായിരുന്നു പതിവ്. മകൻ ശാന്തനാകുന്പോൾ അമ്മയെ തേടുന്നതും കാണാം.
എന്നാൽ, കഴിഞ്ഞ രാത്രിയിൽ എൽസി എങ്ങോട്ടും പോയില്ല. ഉച്ചയ്ക്ക് സമീപത്തെ കാറ്ററിംഗ് സ്ഥാപനത്തിൽനിന്നു വാങ്ങിയ ബിരിയാണി രാത്രിയിൽ ജോർജിനു നൽകിയിരുന്നു.
ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ശേഷമാണ് ജോർജിന്റെ മാനസികനില തെറ്റിയതെന്നു പറയുന്നു. രാത്രി മുഴുവൻ പറന്പിൽ ഒച്ചവച്ചു നടന്ന ജോർജ് എപ്പോഴാണ് എൽസിയെ കൊലപ്പെടുത്തിയതെന്ന് അറിയില്ല.
രാവിലെ പോലീസെത്തിയപ്പോൾ അമ്മയെ ഞാൻ കൊന്നുവെന്നാണ് ജോർജ് പറഞ്ഞത്. രണ്ടുമാസം മുന്പുവരെ ജോലിക്കു പോയ ആളാണ് ജോർജ്.
ജോലിക്കു പോകുന്ന സമയങ്ങളിൽ അമ്മയും മകനും സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്. ജോർജിനു മാനസികനില തെറ്റുന്പോൾ അതിന്റെയെല്ലാം ദുരിതമനുഭവിച്ചതു സമീപത്തെ വീട്ടുകാരായിരുന്നു. പല തവണ ജോർജ് അവരെ ആക്രമിച്ചിരുന്നു.
കുറച്ചുകാലങ്ങളായി എൽസിയുമായി സമീപവാസികൾ സംസാരിക്കാറില്ലായിരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഇവരുടെ അരികിലെത്തി മകനുവേണ്ടി ആ അമ്മ ക്ഷമ ചോദിച്ചിരുന്നു.
ഇതെല്ലാമാണെങ്കിലും ജോർജിനെ ക്കുറിച്ചറിയുന്നവർ എൽസിയോടു മാറിത്താമസിക്കാൻ പറയുമായിരുന്നു. അവനെ പിരിഞ്ഞിരിക്കാൻ കഴിയില്ലെന്നു സ്നേഹത്തോടെ പറയാറുള്ള അമ്മയുടെ വേർപാട് നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി.