കൽപ്പറ്റ: എണ്ണപ്പന വിളവെടുപ്പിൽ വയനാട് മുന്നേറുന്നു. ഇത്തവണത്തെ കടുത്തവേനലിൽ മികച്ച വിളവാണ് എണ്ണപ്പന കർഷർക്ക് ലഭിച്ചത്. മറ്റു വിളകളെയെല്ലാം വരൾച്ച പ്രതികൂലമായി ബാധിച്ചപ്പോൾ ജില്ലയിൽ മുപ്പത് ഡിഗ്രിമുതൽ ഉയർന്ന താപനിലയിൽ എണ്ണപ്പനകൾ നന്നായി കായ്ച്ചു. മുൻ വർഷങ്ങളേക്കാൾ കൂടുതൽ വിളവെടുപ്പ് നടന്ന സീസണാണിത്. കൊല്ലത്തുള്ള സംസ്കരണ കേന്ദ്രത്തിലേക്കാണ് എണ്ണക്കുരുക്കൾ കയറ്റിയയക്കുന്നത്.
കൃത്യമായ പരിപാലനമുണ്ടെങ്കിൽ വയനാട്ടിലെ മാറിയ കാലാവസ്ഥ എണ്ണപ്പനക്കൃഷിക്ക് അനുയോജ്യമാണെന്നാണ് കർഷകർ പറയുന്നത്. പൊതുവെ വേനൽക്കാലം കൂടുതലുള്ള മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിലായിരുന്നു എണ്ണപ്പനക്കൃഷി കൂടുതലായുള്ളത്. വർഷങ്ങൾക്ക് മുന്പ് തലപ്പുഴയിലെ എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ് വയനാട്ടിൽ എണ്ണപ്പനക്കൃഷി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. പിന്നീട് ചെറുകിട കർഷകരും ഏറ്റെടുത്തുതുടങ്ങി. കുറഞ്ഞത് അഞ്ചുമണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ചെരിവുള്ള പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യം.
രണ്ട് മുതൽ നാലുമാസംവരെ കടുത്ത വേനലിനെ പ്രതിരോധിക്കാനും എണ്ണപ്പനയ്ക്ക് കഴിയും. വണ്ട് തുടങ്ങിയ ചെറുപ്രാണികളാണ് പനങ്കുലയിൽ പരാഗണത്തിന് സഹായിക്കുന്നത്. തൈനട്ട് മൂന്നര നാലുവർഷത്തിനുള്ളിൽ ശരിയായ പരിചരണമുണ്ടെങ്കിൽ എണ്ണപ്പന കായ്ച്ച് തുടങ്ങും. മാറിവരുന്ന കാലാവസ്ഥയും മരുവത്കരണവുമാണ് എണ്ണപ്പന പോലുള്ള ഉഷ്ണമേഖല വിളകൾ വയനാട്ടിൽ മികച്ച വിളവ് നൽകുന്നതെന്നാണ് കരുതുന്നത്.