മുംബൈ: പ്രമുഖ ഓൺലൈൻ സിനിമാ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ അടുത്തിടെ പുറത്തിറങ്ങിയ നയൻതാര ചിത്രം ‘അന്നപൂരണി’ മതവികാരം വ്രണപ്പെടുത്തിയതായി ആരോപണം.
വിവാദത്തിൽ കുടുങ്ങി നിയമപ്രശ്നങ്ങളിലേക്കു കടന്നതോടെ സിനിമ നീക്കം ചെയ്തതായി നെറ്റ്ഫ്ളിക്സ് അറിയിച്ചു. കഴിഞ്ഞ ഡിസംബർ ഒന്നിന് തിയറ്ററുകളിൽ പ്രദർശിപ്പിച്ചുതുടങ്ങിയ ചിത്രം ഡിസംബർ 29നാണ് നെറ്റ്ഫ്ളിക്സിൽ ലഭ്യമായിത്തുടങ്ങിയത്.
നായികാകഥാപാത്രമായ അന്നപൂരണിയായി അഭിനയിച്ച നയൻതാര ഉൾപ്പെടെ അണിയറപ്രവർത്തകർക്കെതിരേയാണ് ബജ്രംഗ് ദൾ, ഹിന്ദു ഐടി സെൽ പ്രവർത്തകർ മുംബൈ ഓഷിവാര, തിലക് മാർഗ് പോലീസ് സ്റ്റേഷനുകളിൽ പരാതി നല്കിയത്.
ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമയിൽ ശ്രീരാമൻ മാംസഭുക്കായിരുന്നുവെന്ന് നായക കഥാപാത്രം പറയുന്നതാണ് ഹിന്ദു സംഘടനകളെ ചൊടിപ്പിച്ചത്.
പ്രമുഖ ക്ഷേത്രത്തിൽ ഭഗവാന് നിവേദ്യം തയാറാക്കുന്ന പൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിച്ചശേഷം ബിരിയാണിയുണ്ടാക്കുന്ന രംഗവും, ശ്രീരാമനും സീതാദേവിയും മാംസം കഴിച്ചിരുന്നതായി നായക കഥാപാത്രം ഫർഹാൻ പറയുന്നതും, നായികാ കഥാപാത്രത്തെ ഇതുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇറച്ചി മുറിക്കാൻ പ്രേരിപ്പിക്കുന്നതും ഇഫ്താറിൽ പങ്കെടുക്കുന്നതുമെല്ലാം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് ആരോപണം.
നയൻതാര, അന്നപൂരണിയുടെ സംവിധായകൻ നിലേഷ് കൃഷ്ണ എന്നിവർക്കെതിരേ ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചതിന് കേസെടുക്കണമെന്ന് ഹിന്ദു ഐടി സെൽ സ്ഥാപകൻ രമേശ് സോളങ്കി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനിടെയാണ് ചിത്രം നെറ്റ്ഫ്ളിക്സിൽനിന്നു നീക്കിയത്.