പത്തനാപുരം: നിരാലംബരെ സഹായിക്കുന്നിടത്താണ് ദൈവ സാന്നിധ്യമുണ്ടാവുകയെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അഭിപ്രായപ്പെട്ടു. ഗാന്ധിഭവനില്‍ നടന്ന മാനവ സമത്വ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.
സ്നേഹം, ദയ, കാരുണ്യം എന്നീ ജീവിതമൂല്യങ്ങള്‍ നാം വായിച്ചോ കേട്ടോ അറിയേണ്ട ഒന്നല്ല. അത് നാം സ്വന്തം ജീവിതത്തിലൂടെ പഠിക്കേണ്ട ഒന്നാണ്. അതിന് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ജീവിതാനുഭവങ്ങള്‍ കൂടിയുണ്ടാകണം. മാനുഷിക മൂല്യങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തം മാതാപിതാക്കളെപ്പോലും ഉപേക്ഷിക്കുവാന്‍ മടിയില്ലാത്ത ഒരു യുവതലമുറയാണിന്ന് വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. ഇത് സമൂഹത്തിന് തന്നെ ശാപമാണ്.
മനുഷ്യമനസില്‍ സ്നേഹവും കരുണയും ഉണ്ടെന്ന് തെളിയിച്ച് നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്ന സ്ഥാപനമാണ് ഗാന്ധിഭവനെന്നും പുതുതലമുറയെ നന്മയുടെയും കാരുണ്യത്തിന്റേയും പാതയിലേക്ക് നയിക്കുന്ന പ്രര്‍ത്തനങ്ങളാണ് ഗാന്ധിഭവന് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, പി.എസ് അമല്‍രാജ്, പ്രസന്ന സോമരാജന്, എസ്. ആനന്ദവല്ലി അമ്മാള്‍ എന്നിവര്‍ പ്രസംഗിച്ചു.