പാനൂർ: പരിശീലനത്തിനിടെ വെടിയേറ്റു മരിച്ച കാഡറ്റ് അനസിന്റെ ഓർമയിൽ കല്ലിക്കണ്ടി എൻഎ എം കോളജ് വിദ്യാർഥികൾ. മൂന്നാം ചരമവാർഷിക അനുസ്മരണ പരിപാടികൾ കോളജിൽ സംഘടിപ്പിച്ചു. മരിച്ചു മൂന്നു വർഷം പിന്നിട്ടിട്ടും ഒരാളെ പോലെ ശിക്ഷിക്കാത്തതിൽ പ്രയാസത്തിലാണ് അനസിന്റെ കുടുംബവും കോളജ് അധികൃതരും.
കുറ്റപത്രം പോലും സമർപ്പിക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല. സർക്കാറിന്റെ അലംഭാവം കൊണ്ടാണു കുറ്റപത്രം വൈകുന്നത്. ഒരു വർഷത്തിലധികമായി സർക്കാറിന്റെ അനുമതിക്കായി പോലീസ് കാത്തിരിക്കുന്നു. 2014 സപ്റ്റംബർ 10 നാണു കൂത്ത്പറമ്പ് നിർമലഗിരി കോളജിൽ നടന്ന എൻസിസി ദശദിന ക്യാമ്പിൽ പരിശീലനത്തിനിടയിൽ അബദ്ധത്തിൽ വെടിയേറ്റത്.
തുടർന്നു ബാംഗ്ലൂരിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരിക്കെ നവംബർ ആറിനു മരിക്കുകയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ താല്പര്യപ്രകാരം അനസിന്റെ സഹോദരിക്കു സർക്കാർ ജോലി നൽകിയിരുന്നു. ഇന്നലെ കോളജിൽ നടന്ന അനുസ്മരണ പരിപാടി പ്രിൻസിപ്പൽ ഡോ.കെ.കെ. മുസ്തഫ ഉൽഘാടനം ചെയ്തു.
എൽസിസി ഓഫീസർ ഇൻ ചാർജ് പ്രഫ. സി.വി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. കെ.കെ മുഹമ്മദ് കുട്ടി, ഡോ.എ. സത്യനാരായണൻ, എം. ഗഫൂർ, അണ്ടർ ഓഫീസർ എൻ.വിവേക് വിജയൻ പ്രസംഗിച്ചു.
കോളജിൽ അനസിന്റെ സ്മരണയ്ക്കായി സ്റ്റുഡന്റ് ഫെസിലിറ്റി സെന്റർ ബിൽഡിംഗ് നിർമിച്ചിരുന്നു. ഇതിനു പുറമെ അനസ് മെമ്മോറിയൽ ബുക്ക് ബാങ്ക്, അനസ് മെമ്മോറിയൽ പാലിയേറ്റീവ് യൂണിറ്റ്, അനസ് മെമ്മോറിയൽ ചാരിറ്റി പ്രവർത്തനവും കോളജിൽ നടക്കുന്നുണ്ട്. അധ്യാപകർ അനസിന്റെ മാതാപിതാക്കളെയും അവന്റെ കബറിടവും സന്ദർശിച്ചു.