പുതുക്കാട്: മഴ ശക്തമാകുന്പോൾ ചിറ്റിശേരിയിലെ ഫ്രാൻസിസിനും കുടുംബത്തിനും ഉള്ളിൽ തീയാണ്. ചോർന്നൊലിച്ചു ശോച്യാവസ്ഥയിലുള്ള വീട് ഏതുസമയത്തും തകർന്നു വീഴാമെന്ന ആശങ്കയിലാണിവർ.
ചിറ്റിശേരി പൊന്തോക്കൻ ഫ്രാൻസിസും ഭാര്യ ആനിയുമാണു ദുരിതമനുഭവിക്കുന്നത്. കുടുംബ വിഹിതമായി കിട്ടിയതും തൊട്ടടുത്ത ചിറ്റശേരി മഠത്തിൽനിന്നു ലഭിച്ചതും ചേർത്തു രണ്ടര സെന്റ് സ്ഥലത്താണ് ഇവരുടെ വീട്.
അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ഫ്രാൻസിസ് ലോട്ടറി കച്ചവടം നടത്തിയാണു ജീവിക്കുന്നത്. വീട്ടു ജോലിക്കു പോയിരുന്ന ആനി വീണു പരിക്കേറ്റതിനെ തുടർന്നു ഭാരപ്പെട്ട ജോലികൾ ചെയ്യാനാകാത്ത അവസ്ഥയിലാണ്.
അസുഖക്കാരനായ മകൻ ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ തുക ചികിത്സയ്ക്കു പോലും തികയാത്ത അവസ്ഥയാണ്. കഴിഞ്ഞ മഴയിൽതന്നെ ചുവരിൽ വിള്ളൽ വീണ ഇവരുടെ വീട് അപകടാവസ്ഥയിലാണ്.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നെന്മണിക്കര പഞ്ചായത്തിന്റെ സഹായം ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പഞ്ചായത്തംഗം സജി പറയുന്നു. എന്നാൽ 200 പേരുള്ള ഗുണഭോക്തൃ ലിസ്റ്റിൽനിന്ന് ആനിക്കു സഹായം ലഭിക്കുമെന്ന് ഉറപ്പൊന്നുമില്ല.