ജോണ്സണ് വേങ്ങത്തടം
കോട്ടയം: കേരള പോലീസിനെ വിമർശിച്ചു കൊണ്ടു സംസ്ഥാനസർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ആനി രാജയുടെ പ്രസ്താവനയ്ക്കു പിന്തുണ നൽകിയ അഖിലേന്ത്യ സെക്രട്ടറി ഡി. രാജയുടെ നിലപാടിനോടു സംസ്ഥാന സിപിഐ ഘടകത്തിന് അമർഷം.
കേരള ഘടകത്തിന്റെ പ്രതിഷേധം ചർച്ച ചെയ്യാൻ ഒക്ടോബറിലെ ദേശീയ എക്സിക്യൂട്ടീവിലേക്കു മാറ്റി വച്ചതിനു പിന്നാലെയാണ് ഡി. രാജ മാധ്യമങ്ങളോടു ആനി രാജയ്ക്ക് അനുകൂലമായി പ്രതികരിച്ചത്.
എന്നാൽ ഇതു സംബന്ധിച്ചു 10, 11 തീയതികളിൽ കേരളത്തിൽ നടക്കുന്ന സ്റ്റേറ്റ് എക്സിക്യൂട്ടീവിലും സംസ്ഥാന കൗണ്സിലും ചർച്ച ചെയ്തേക്കുമെന്നറിയുന്നു.
സംസ്ഥാനത്തെ പാർട്ടി ഘടകത്തോടു ബന്ധപ്പെടാതെ ഇത്തരം പരമാർശം പ്രകടിപ്പിച്ചു സംസ്ഥാന സർക്കാരിനെയും എൽഡിഎഫിനെയും പ്രതിക്കൂട്ടിലാക്കാനുള്ള നീക്കത്തിനെതിരേയാണ് കേരളഘടകത്തിനു വിയോജിപ്പുള്ളത്.
ഉത്തർപ്രദേശിലാണെങ്കിലും കേരളത്തിലാണെങ്കിലും വീഴ്ച വരുത്തിയാൽ പോലീസ് വിമർശനം നേരിടേണ്ടിവരുമെന്നാണ് രാജയും വ്യക്തമാക്കിയത്.
ഇതെല്ലാം ദേശീയ എക്സിക്യൂട്ടീവിന്റെ യോഗതീരുമാനം പോലെയാണ് മാധ്യമങ്ങളിൽ വന്നത്. ദേശീയ എക്സിക്യൂട്ടീവിൽ ചർച്ച ചെയ്യാത്ത കാര്യമാണ് ഡി. രാജ മാധ്യമങ്ങളോടു സംസാരിച്ചതെന്നും നേതാക്കൾ വ്യക്തമാക്കുന്നു.
കേരള പോലീസിനെതിരേ ഗുരുതര ആരോപണമാണ് സിപിഐ നേതാവ് ആനി രാജ പുറപ്പെടുവിച്ചത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവമായ ഇടപെടൽ പോലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്നാണ് ആനി രാജ പറഞ്ഞത്.
പോലീസുകാരുടെ അനാസ്ഥ കൊണ്ടു പല മരണം സംഭവിക്കുന്നു. ദേശീയ തലത്തിൽ പോലും നാണക്കേട്. ഇതിനായി ആർ എസ് എസ് ഗ്യാങ് പോലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു.
പോലീസിനെതിരേയുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ആനിരാജ. രാഷ്ട്രീയമല്ലാത്ത വിഷയത്തിൽ പ്രതികരിക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടേണ്ടതില്ലെന്നാണ് ആനിരാജ വ്യക്തമാക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം മുൻനിർത്തിയാണ് വിമർശനമുന്നയിച്ചത്.
ആനി രാജയ്ക്കെതിരേ ബിജെപി നേതാക്കളും രംഗത്തിറങ്ങിയിരുന്നു.കേരളത്തിൽ സിപിഐയും സിപിഎമ്മും നല്ലബന്ധത്തിലാണ് മുന്നോട്ടു പോകുന്നത്. ഇത്തരം പ്രസ്താവനയിലൂടെ എൽഡിഎഫിൽ വിള്ളൽ വരുത്താൻ മാത്രമേ സാധിക്കുകയുള്ളൂവെന്ന നിലപാടാണ് സംസ്ഥാനത്തെ സിപിഐ നേതാക്കൾക്കുള്ളത്.
ആനി രാജയുടെ പ്രസ്താവനയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ തള്ളിക്കളഞ്ഞിരുന്നു. കേരള പോലീസിനെതിരേ സിപിഐയ്ക്കു അത്തരമൊരു വിമർശനമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കാനത്തിന്റെ നിലപാടു തന്നെയാണ് സംസ്ഥാനത്തെ സിപിഐ ഘടകത്തിനുള്ളത്. സർക്കാരിനെതിരേ ആരോപണം ഉയർത്തുന്ന ദേശീയ നേതാക്കൾക്കു മറ്റു പല ലക്ഷ്യങ്ങളുമുണ്ടെന്നാണ് സംസ്ഥാനനേതാക്കളുടെ വിശദീകരണം.