ജോണ്സണ് വേങ്ങത്തടം
കോട്ടയം: നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണ്‍ ജനറൽ സെക്രട്ടറിയും സിപിഐ നേതാവുമായ ആനി രാജക്കെതിരേ സിപിഐ കേരള ഘടകം രംഗത്ത്.മൂന്നും നാലും തീയതികളിൽ ഡൽഹിയിൽ നടക്കുന്ന സിപിഐ ദേശീയ എക്സിക്യൂട്ടീവിൽ കേരളഘടകം ആനിരാജക്കെതിരേ രംഗത്തു വരും.
എൽഡിഎഫിനെയൂം സർക്കാരിനെയും ബാധിക്കുന്ന രീതിയിൽ അഖിലേന്ത്യാ നേതാക്കൾ കേരളവിഷയങ്ങളിൽ ഇടപെടുന്നതിനെയാണ് സിപിഐ എതിർക്കുന്നത്.എൽഡിഎഫിന്റെ പ്രകടനപത്രികയിൽ ഇല്ലാത്ത കാര്യങ്ങൾ ആരോപണങ്ങളായി ഉന്നയിച്ചു എൽഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നവിധം വഷളാക്കുന്ന നിലപാടിനെയാണ് കേരള ഘടകം ചോദ്യം ചെയ്യുന്നത്.
സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നാണ് ആനി രാജ ആവശ്യപ്പെട്ടത്. ഇത് എൽഡിഎഫിന്റെ പ്രകടനപത്രികയിൽ ഇല്ലാത്ത കാര്യമാണ്. ഇതു കൂടാതെ സ്ത്രീസുരക്ഷയെ സംബന്ധിച്ചു പോലീസിനെ അതിരൂക്ഷമായ വിമർശനം ഉന്നയിക്കുക വഴി ആനി രാജ കേരള സർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കിയത്.
സമീപ കാലത്ത് സ്ത്രീകൾക്കെതിരെയുണ്ടായ പീഡനങ്ങളിലും അതിക്രമങ്ങളിലും പ്രതിഷേധിച്ചുകൊണ്ടാണ് ഇവർ വിമർശനം ഉയർത്തിയത്. പോലീസിന്റെ അനാസ്ഥ കൊണ്ട് പല മരണങ്ങളും സംഭവിക്കുന്നു. ദേശീയതലത്തിൽ പോലും ഇതു നാണക്കേടാണ്.
ഇതിനായി പോലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും അവർ പറഞ്ഞിരുന്നു. ഇപ്പോൾ മറ്റൊരു വകുപ്പിന്റെ കൂടെയാണ് സ്ത്രീസുരക്ഷാ വകുപ്പ് പ്രവർത്തിക്കുന്നത്. എന്നാൽ സ്ത്രീസുരക്ഷയ്ക്കായി ഒരു സ്വതന്ത്ര വകുപ്പ് രൂപീകരിക്കണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫിനും കത്തു നൽകുമെന്നുമാണ് ആനി രാജ പറഞ്ഞത്.
എൽഡിഎഫ് നയത്തിനെതിരേ സംസാരിക്കുന്പോൾ സംസ്ഥാന സെക്രട്ടറിയുടെ നിലപാട് അറിഞ്ഞുമതിയെന്ന നിലപാട് ദേശീയ എക്സിക്യൂട്ടീവിൽ കേരളഘടകം ഉന്നയിക്കും.
സിപിഎമ്മും സിപിഐയും തമ്മിലുള്ള ബന്ധത്തിനു കോട്ടം തട്ടുന്നവിധം നേതാക്കൾ അഭിപ്രായം പറയുന്ന നിലപാട് ശരിയല്ല. കേരള സർക്കാരിനെ വിമർശിച്ചു കൈയടി നേടാനുള്ള നേതാക്കളുടെ നിലപാട് തിരുത്തണമെന്നാവശ്യം ശക്തമായി ഉന്നയിക്കും.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിഷയങ്ങളിൽ ആനി രാജ ഇതിനു മുന്‍പും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ എൽഡി എഫ് സർക്കാർ ഭരിക്കുന്ന അവസരത്തിൽ പോലീസിനെയും സർക്കാരിനെയുംപ്രതിക്കൂട്ടിലാക്കുന്നവിധം അഭിപ്രായ പ്രകടനം നടത്തുന്നതിനു പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് സിപിഐ നേതാക്കളുടെ അഭിപ്രായം.
ആനി രാജയുടെ അഭിപ്രായങ്ങളെ അവഗണിക്കുന്പോൾ തന്നെ നേതാക്കളുടെ അനാവശ്യ ഇടപെടലിനെ എതിർക്കുവാനുമാണ് കേരളഘടകം ലക്ഷ്യം വയ്ക്കുന്നത്.
ഡൽഹിയിൽ നടക്കുന്ന ദേശീയ എക്സിക്യൂട്ടീവിൽ കേരളത്തിലെ സംസ്ഥാന -ജില്ല സമ്മേളനങ്ങളുടെ തീയതി നിശ്ചയിക്കാനാണ് തീരുമാനം. 2022 തുടക്കത്തിലോ അല്ലെങ്കിൽ അവസാന മാസങ്ങളിലേക്കോ സമ്മേളനങ്ങൾ മാറാനുള്ള സാധ്യതയുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നാളെ ഡൽഹിയിലെത്തും.