ഒരു ഹോട്ടല്‍ മൂലം ഇത്രയ്ക്കു പണി കിട്ടുമെന്ന് സംവിധായകന് ഷാജി കൈലാസും ഭാര്യ ആനിയും വിചാരിച്ചിട്ടുണ്ടാകില്ല. സിനിമയ്ക്കായി തലപുകച്ചിരിക്കെ പൊറോട്ടയും ബീഫും ഓര്‍ഡര്‍ ചെയ്തുകൊണ്ട് ഫോണ്‍ വന്നതോടെയാണ് ഷാജി ഇക്കാര്യം അറിയുന്നത്. അക്കഥ ഇങ്ങനെ- തിരുവനന്തപുരം നഗരത്തില്‍ പുതിയൊരു ഹോട്ടല്‍ തുടങ്ങി. നല്ലൊന്നാന്തരം പേരായിരുന്നു ഹോട്ടലിന്റേത്. ആനീസ് കിച്ചണ്‍. ചിത്രയെന്ന ആനി അമൃത ടിവിയില്‍ ആനീസ് കിച്ചണ്‍ എന്ന പേരില്‍ ഒരു പരിപാടി അവതരിപ്പിക്കുന്നുണ്ട്. രണ്ടിന്റെയും പേര് ഒന്നായതോടെ ആളുകള്‍ ചിന്തിച്ചത് ഇത് ആനിയുടെ ഹോട്ടലാകുമെന്നാണ്.
ഹോട്ടല്‍ ക്ലിക്കായതോടെ ഭക്ഷണശാലയുമായി സംബന്ധിച്ച കോളുകളും ഷാജി കൈലാസിന് ലഭിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് സംവിധായകന് വിശദീകരണവുമായി രംഗത്ത് വന്നത്. ചിത്ര അവതരിപ്പിക്കുന്ന കുക്കറി ഷോയുടെ അതേ പേരാണെങ്കിലും ഈ റെസ്റ്റോറന്റും ഞങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. എനിക്കും ചിത്രക്കും ആ റസ്റ്റോറന്റ് സംബന്ധിച്ച നിരവധി ഫോണ്‍ കോളുകള്‍ ദിനവും ലഭിക്കുന്നുണ്ട്.
ആ സ്ഥാപനത്തെ കുറിച്ച് എന്തെങ്കിലും പരാതിയോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അവരെ നേരിട്ട് അറിയിക്കുക. ഞങ്ങള്‍ മുന്‍കൈയെടുത്ത് ഏതെങ്കിലും റെസ്റ്റോറന്റോ മറ്റ് സ്ഥാപനങ്ങളോ ആരംഭിക്കുകയാണെങ്കില്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും’ ഷാജി കൈലാസ് വ്യക്തമാക്കുന്നു. എന്തായാലും ഒരു പേര് തന്ന പണി ഇനിയെങ്കിലും ഉണ്ടാകില്ലല്ലോ എന്ന പ്രതീക്ഷയിലാണ് ഷാജിയും കുടുംബവും.