കോലഞ്ചേരി: വടയന്പാടി ദളിത് ഭൂസമര ഭൂമിയിൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ആനി രാജ സന്ദർശനം നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ സമരഭൂമിയിലെത്തിയ ഇവർ സമരക്കാരോടും നാട്ടുകരോടും വിവരങ്ങൾ ആരാഞ്ഞു. ഏപ്രിൽ ആദ്യവാരം സമരം സെക്രട്ടേറിയറ്റ് പടിക്കലിലേക്ക് നീക്കാനിരിക്കെയാണ് ആനി രാജയുടെ സന്ദർശനം.
തങ്ങൾക്ക് അനുകൂലമായി സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് സമരാനുകൂലികൾ ആവശ്യപ്പെട്ടു. സത്വരമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ ആനി രാജ ഒരു മണിക്കൂറിലേറെ സമയം ഇവിടെ ചെലവഴിച്ചശേഷമാണ് മടങ്ങിയത്. ദേശീയ കൗണ്‍സിലംഗം കമല സദാനന്ദൻ, സിപിഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ മോളി വർഗീസ്, എം.പി ജോസഫ്, ജോളി കെ.പോൾ, എൻ.കെ.വർഗീസ് എന്നിവരും ആനി രാജയ്ക്കൊപ്പമുണ്ടായിരുന്നു.