ചാലക്കുടി: മനുഷ്യഹൃദയങ്ങളിൽ കലാഭവൻ മണി സ്നേഹത്തിന്റെ വിത്ത് പാകിയത് എങ്ങനെയെന്ന് കലാകാരന്മാർ കണ്ടു പഠിക്കണമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. കലാഭവൻ മണിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചു നഗരസഭയും പൗരാവലിയും കലാഭവൻ മണി സ്മാരകട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണം “ചിരസ്മരണ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ണിൽനിന്നു വളർന്ന കലാകാരനായിരുന്ന, പാവപ്പെട്ട കുടുംബത്തിൽന്ന് വാനോളം ഉയർന്ന കലാഭവൻ മണിയുടെ വളർച്ച നാട്ടുകാർ സന്തോഷത്തോടെയാണ് കണ്ടിരുന്നത്. സാധാരണക്കാരുടെ മനസിനെ സ്വാധീനിച്ച മണി ഒരിക്കലും ദന്തഗോപുരത്തിലായിരുന്നില്ല. പണം മത്തുപിടിപ്പിക്കാതിരുന്ന മണി നാട്ടുകാർക്കും കൂട്ടുകാർക്കും വേണ്ടി എന്തും ചെയ്യുന്ന പച്ചയായ മനുഷ്യനായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ചെയർപേഴ്സണ് ജയന്തി പ്രവീണ് അധ്യക്ഷത വഹിച്ചു. സംവിധായകൻ സിദ്ധിഖ് കലാസന്ധ്യക്ക് തിരിതെളിയിച്ചു. മിമിക്രി കലാരംഗത്ത് സമഗ്ര സംഭാവനക്ക് സുധാകര കിളിക്കാർ, യുവ പ്രതിഭക്ക് കലാഭവൻ സതീഷ് എന്നിവർക്ക് മന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു.
സംവിധായകൻ സുന്ദർദാസ്, പി.എം. വേലായുധൻ, വി.ഒ. പൈലപ്പൻ, കെ.ആർ. സുമേഷ്, ജെനിഷ് പി. ജോസ്, ഉഷ ശശിധരൻ, വിത്സൻ പണാട്ടുപറന്പിൽ, പി.എം. ശ്രീധരൻ, യു.വി. മാർട്ടിൻ, പി.എൻ. കൃഷ്ണൻനായർ, അഡ്വ. സി.ജി. ബാലചന്ദ്രൻ, ഐ.ഐ. അബ്ദുൾ മജീദ്, പി.പി. പോൾ, വി.ഐ. പോൾ, ഷാജു വടക്കൻ, അഡ്വ. കെ.ബി. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് മണി ജീവൻ നൽകിയ കഥാപാത്രങ്ങൾ അവതരിപ്പിച്ച സിനിമകളുടെ പ്രദർശനവും മിമിക്സ് പരേഡും ഉണ്ടായിരുന്നു.മണിയുടെ പിതാവ് രാമൻ മെമ്മോറിയൽ കലാഗൃഹത്തിൽ രാവിലെ മണിയോടൊപ്പം അവതരിപ്പിച്ച കലാകാരന്മാരുടെ മിമിക്സ് പരേഡും നാടൻ പാട്ടുകലാകാരന്മാരുടെ നാടൻപാട്ടും ഉണ്ടായിരുന്നു. സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു. സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ പ്രസംഗിച്ചു.