പന്തളം: പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയെന്നതിലുപരി ആൻ മറിയം തോമസിന് ഇത് നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്.
ജീവിതത്തിലെ വലിയൊരു പ്രതിസന്ധിഘട്ടത്തിൽ മനസ് തളരാതെ പൊരുതി നേടിയ വിജയമാണിതെന്ന് ആൻ മറിയം പറയുന്നു.
തുന്പമണ്‍ എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്ന ആൻ മറിയം തോമസിന് 1200 യിൽ 1154 മാർക്കാണ് ലഭിച്ചത്.
എല്ലാ വിഷയങ്ങൾക്കും എ പ്ലസുണ്ട്. ശരീരഭാഗങ്ങളിലെ അതിഭീകരമായ വേദന സഹിച്ച് പരീക്ഷയ്ക്ക് തയാറെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നിയിരുന്നു. ഫലം വന്നപ്പോൾ സന്തോഷം ഇരട്ടിയായി.
കോവിഡ് ഇളവുകളിൽ സ്കൂളിലെത്താൻ അനുവാദം ലഭിച്ചപ്പോൾ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് തുന്പമണ്‍ സ്കൂളിൽ നിന്ന് അവിടെ അധ്യാപികയായ മാതാവ് രജനിക്കൊപ്പം സ്കൂട്ടറിൽ മടങ്ങുന്പോഴുണ്ടായ അപകടമാണ് ആൻ മറിയത്തിന്റെ പഠനത്തിനു പ്രതിസന്ധി സൃഷ്ടിച്ചത്.
ഉളനാട് ഭാഗത്ത് ടോറസ് ലോറി തട്ടി വീണപ്പോൾ അതിന്റെ ടയറുകൾക്കിടയിൽപെട്ട് കാലിന് ഗുരുതരമായി പരിക്കേറ്റു.
വലതു കണങ്കാലിന്റെ സന്ധിയോടു ചേർന്ന് ഭാഗം അറ്റുപോകുകയും കാലുകളിലേക്കുള്ള ഞരന്പുകൾക്കും രക്തക്കുഴലുകൾക്കും പരിക്കേൽക്കുകയും തുടയെല്ലുകൾ ഒടിഞ്ഞ അവസ്ഥയിലുമായിരുന്നു.
രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായി. കോട്ടയം മാതാ ആശുപ ത്രിയിൽ പത്തോളം ശസ്ത്രക്രിയകൾക്കു വിധേയമായി.
ങ്കീർണമായ ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് കാലിന്റെ രക്ത ഓട്ടവും ചലനശേഷിയും വീണ്ടെടുക്കാൻ സാധിച്ചത്. ശസ്ത്രക്രിയയുടെ ഇടയിലാണ് പ്ലസ്ടു പരീക്ഷകൾ കടന്നുവന്നത്.
ഇരുന്ന് പരീക്ഷ എഴുതാൻ സാധിക്കാത്തതിനാൽ ഒരു സഹായിയെ വയ്ക്കാൻ അധികൃതരിൽ നിന്നും ഉത്തരവ് ലഭിച്ചുവെങ്കിലും സ്വന്തം കൈപ്പടയിൽ പരീക്ഷ എഴുതണമെന്ന തീരുമാനത്തിൽ ആൻ മറിയം ഉറച്ചു നിന്നു.
അങ്ങനെ പ്രത്യേകമായി തയാറാക്കിയ ചാരുകസേരയിൽ കിടന്നാണ് പരീക്ഷ എഴുതിയത്. തളർന്നു പോകുമെന്ന് കരുതിയപ്പോഴും മാതാപിതാക്കളും അധ്യാപകരും സഹപാഠികളുമെല്ലാം മനോധൈര്യം പകർന്നു നൽകി.
നീറ്റ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. രോഗത്തിന്റെ ഗുരുതരാവസ്ഥയിൽ അനേകരുടെ സാന്ത്വനം ഏറ്റുവാങ്ങിയപ്പോൾ തന്നെ തന്റെ അടുത്ത ലക്ഷ്യം അനേകർക്ക് സാന്ത്വനം ഏകുന്ന മെഡിക്കൽ ഫീൽഡാണെന്ന് ആൻ മറിയം ഉറപ്പിച്ചു കഴിഞ്ഞു.
കൊടുമണ്‍ സെന്റ് ബഹനാൻസ് ഓർത്തഡോക്സ് പള്ളി വികാരി കുളനട ഉളനാട് വടക്കേടത്ത് ഗ്രേസ് വില്ലയിൽ ഫാ.ബിനു തോമസാണ് പിതാവ്. എട്ടാംക്ലാസ് വിദ്യാർഥി ജോണ്‍ തോമസ് ഏക സഹോദരനാണ്.